20 അടി ഉയരം, മാസ്കും സ്റ്റെതസ്കോപ്പും; ആരോഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായി പ്രതിമ നിർമ്മിച്ച് ഒരു രാജ്യം
പലരും ജീവിതത്തിൽ ആദ്യമായി മെഡിക്കൽ സ്റ്റാഫിന്റെ സുപ്രധാന പ്രാധാന്യം മനസ്സിലാക്കിയെന്ന് ലാത്വിയൻ ബ്രോഡ്‌കാസ്റ്റർ അഭിപ്രായപ്പെട്ടു.
റിഗ: കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ രാപ്പകലില്ലാതെ പോരാടുകയാണ് ആരോഗ്യപ്രവർത്തകർ. തങ്ങളുടെ സന്തോഷങ്ങളും ആഷോഷങ്ങളും മറന്ന്, ഉറ്റവരെ ഉപേക്ഷിച്ച് മറ്റുള്ളവരുടെ ജീവനായി ഒത്തൊരുമിച്ച് പോരാടുകയാണ് അവർ. നിരവധി പേരാണ് ആരോഗ്യപ്രവർത്തകരുടെ ഈ കരുതലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ഈ പോരാളികളോടുള്ള ആദര സൂചകമായി പ്രതിമ നിർമ്മിച്ചിരിക്കുകയാണ് ഒരു രാജ്യം.
യൂറോപ്യൻ രാജ്യമായ ലാത്വിയയിലാണ് 20 അടി ഉയരത്തിലുള്ള പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ലാത്വിയൻ നാഷണൽ ആർട്ട് മ്യൂസിയത്തിന് പുറത്താണ് മാസ്ക്, കൈയ്യുറ, സ്റ്റെതസ്കോപ്പ് എന്നിവ ധരിച്ച് നിൽക്കുന്ന ആരോഗ്യപ്രവർത്തകയുടെ ശില്പം ആലേഖനം ചെയ്തിരിക്കുന്നത്. ഇരുകൈകളും നീട്ടി ആകാശത്തേക്ക് നോക്കി നിൽക്കുന്ന രീതിയിലാണ് പ്രതിമയുടെ നിർമ്മാണം.
”കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ട സമയം മുതലുള്ള അവരുടെ നിസ്വാർത്ഥമായ ധൈര്യത്തെയും കരുതലിനെയും പ്രശംസിച്ച്, ലാത്വിയയിലേയും ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്കും വേണ്ടി ഈ പ്രതിമ സമർപ്പിച്ചിരിക്കുന്നു” യൂറോപ്യൻ ലീഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് പ്രതിമ അനാച്ഛാദനം ചെയ്തതെന്ന് ആർട്സ് അക്കാദമി ഓഫ് ലാത്വിയ അറിയിച്ചു. അക്കാദമിയിലെ പ്രഫസർമാരിൽ ഒരാളായ എയ്‌ഗാർസ് ബിക്സെയാണ് ഈ കാലാസൃഷ്ടിക്ക് പിന്നിൽ പ്രവൃത്തിച്ചിരിക്കുന്നത്. പലരും ജീവിതത്തിൽ ആദ്യമായി മെഡിക്കൽ സ്റ്റാഫിന്റെ സുപ്രധാന പ്രാധാന്യം മനസ്സിലാക്കിയെന്ന് ലാത്വിയൻ ബ്രോഡ്‌കാസ്റ്റർ അഭിപ്രായപ്പെട്ടു.