ക്വാറന്‍റീന്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ 9.5 ലക്ഷം രൂപ പിഴ; കടുത്ത തീരുമാനവുമായി ഇംഗ്ലണ്ട്
സെപ്റ്റംബർ 28 മുതൽ പുതിയ പിഴ നിലവില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നിയിപ്പ് നല്‍കി.
ലണ്ടൻ : ക്വാറന്‍റീന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്തി ഇംഗ്ലണ്ട്. ക്വാറന്‍റീന്‍ ലംഘിക്കുന്നവര്‍ക്ക് 9.5 ലക്ഷം രൂപ 10,000 പൗണ്ട് വരെ (12,914 ഡോളർ) പിഴ ഈടാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കൊവിഡ് -19 ബാധിച്ച ഒരാളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അയാള്‍ സ്വയം ക്വാറന്‍റീനില്‍ പ്രവേശിക്കണം. അല്ലാത്ത പക്ഷം പിഴ അടയ്ക്കേണ്ടിവരുമെന്ന് ബോറിസ് അറിയിച്ചു.
സെപ്റ്റംബർ 28 മുതൽ പുതിയ പിഴ നിലവില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നിയിപ്പ് നല്‍കി. ആദ്യം പിടിക്കപ്പെട്ടാല്‍ 1,000 പൗണ്ടിൽ നിന്ന് പിഴ ഈടാക്കും, വീണ്ടും ക്വാറന്‍റീന്‍ ലംഘിച്ചാല്‍ 10,000 പൗണ്ടായി പിഴ ഉയര്‍ത്തും. ക്വാറന്‍റിനില്‍ കഴിയുന്ന കുറവ് വരുമാനമുള്ളവര്‍ക്ക് 500 പൌണ്ട് ആനുകൂല്യം നല്‍കുമെന്നും ബ്രീട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് 19 ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാല്‍ കുറഞ്ഞത് 10 ദിവസമെങ്കിലും വീട്ടിൽ തന്നെ തുടരണം. വീട്ടിലെ മറ്റ് ആളുകൾ 14 ദിവസത്തേക്ക് വീട്ടിൽ നിന്ന് പുറത്തുപോകരുതെന്നും ബ്രിട്ടീഷ് സർക്കാരിന്‍റെ പുതിയ മാർഗ്ഗനിർദ്ദേശത്തില്‍ പറയുന്നു. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ വീടിന് പുറത്ത് ആളുകളുമായി ബന്ദം പുലര്‍ത്തിയവരുടെ വിശദാംശങ്ങള്‍ നല്‍കാനും അവരോട് ക്വാറന്‍റീനില്‍ പ്രവേശിക്കാനും നിര്‍ദ്ദേശിക്കണം.
ഇംഗ്ലണ്ടില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കൊവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ പൊലീസിന്‍റെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ബ്രിട്ടനില്‍ പൊതുജനങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ലോക്ക്ഡൗൺ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.