വിവാഹത്തിന് 60 കിലോ സ്വർണ്ണം അണിഞ്ഞ് വധു, സമ്മാനമായി ഭർത്താവ് നൽകിയതെന്ന് വിശദീകരണം
നെക്ലേസുകളുടെയും വളകളുടെയും കമ്മലുകളുടെയും രൂപത്തിലാണ് ഇത്രയും സ്വർണ്ണം യുവതി ധരിച്ചത്.
ഹുബൈ: വിവാഹദിവസം വധു (bride) സ്വർണാഭരണങ്ങൾ ധരിച്ച് മണ്ഡപത്തിലെത്തുക എന്നത് പല രാജ്യങ്ങളിലുമുള്ള ഒരു പതിവാണ്(custom). അങ്ങനെ ധരിക്കുന്നത് ഐശ്വര്യസൂചകമായി കാണുന്ന ചില സംസ്കാരങ്ങളുമുണ്ട്. എന്നാൽ, ഈ വിവാഹത്തിനെത്തിയ വധുവിന് സ്വർണ്ണം ഒരു ഭാരമായി മാറുന്ന കാഴ്ചയാണ് കാണാനായത്.
ചൈനയിലെ ഹുബൈ പ്രവിശ്യയിൽ നടന്ന ഒരു വിവാഹത്തിലാണ്, വധുവായി യുവതി അറുപതു കിലോയോളം ഭാരം വരുന്ന ആഭരണങ്ങൾ ധരിച്ച് വിവാഹ വേദിയിലെത്തി സകലരെയും ഞെട്ടിച്ചു കളഞ്ഞത്. നെക്ലേസുകളുടെയും വളകളുടെയും കമ്മലുകളുടെയും രൂപത്തിലാണ് ഇത്രയും സ്വർണ്ണം യുവതി ധരിച്ചത്. പ്രദേശത്തെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായ ഭാവി ഭർത്താവ് വിവാഹത്തിന് തനിക്കു നൽകിയ സമ്മാനമാണിത് എന്നായിരുന്നു യുവതിയുടെ വിശദീകരണം. ഇത്രയും ഭാരം വഹിക്കേണ്ടി വന്നതുകൊണ്ട് നടക്കാൻ പ്രതിശ്രുത വരന്റെ സഹായം തേടേണ്ടി വന്നു യുവതിക്ക്.
എന്തായാലും ഇങ്ങനെ താങ്ങാനാവുന്നതിലും ഭാരം കൂടിയ ആഭരണങ്ങൾ ധരിച്ച് നടക്കാൻ പോലുമാവാതെ കഷ്ടപ്പെട്ട യുവതി വിവാഹത്തിന് വന്നെത്തിയ അതിഥികളുടെ സഹതാപമാണ് ഒടുവിൽ പിടിച്ചു പറ്റിയത്. ഈ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.