Asianet News MalayalamAsianet News Malayalam

രാത്രിയിൽ ലഹരിമുക്തി കേന്ദ്രത്തിൽ വെടിവയ്പ്, 4 പേർ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

തെരുവുകളിൽ ലഹരി വസ്തുക്കൾ വിൽപന നടത്തുന്ന ചെറുകിടക്കാർ ഇത്തരം സ്ഥാപനങ്ങളെ ഒളിത്താവളമായി മാറ്റാറുണ്ട്. ഇവരെ എതിർ കാർട്ടലുകളിലുള്ളവർ ഇത്തരം സ്ഥാപനങ്ങളിൽ വച്ച് ആക്രമിക്കുന്നത് ഇവിടെ പതിവ് സംഭവമാണ്.

Assailants shot to death four men and wounded two others in an attack drug rehabilitation center at  Mexico
Author
First Published Oct 3, 2024, 2:57 PM IST | Last Updated Oct 3, 2024, 2:58 PM IST

മെക്സിക്കോ: ലഹരി മുക്തി കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറി വെടിയുതിർത്ത് യുവാവ്. നാല് പേർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് ഗുരുതര പരിക്ക്. മെക്സിക്കോയിലെ വടക്കൻ മേഖലയിലെ ഗ്വാനജുവാറ്റോയിലെ സാലാമൻക നഗരത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റവരുടെ ആരോഗ്യ നിലയേക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. 

ഇത് ആദ്യമായല്ല മെക്സിക്കോയിലെ ലഹരി വിമുക്തി കേന്ദ്രത്തിൽ അക്രമം ഉണ്ടാവുന്നത്. മെക്സിക്കോയിൽ സ്വകാര്യ ലഹരിമുക്തി കേന്ദ്രങ്ങളിൽ ഏറെയും അനധികൃതമായി നടത്തുന്നവയാണ്. ഇവയിൽ പലതും അംഗീകാരവും സർക്കാരിന്റെ പിന്തുണയോ ഇല്ലാതെ നടത്തുന്നതിനാൽ പലപ്പോഴും അന്തേവാസികൾക്ക് ശാരീരിക മാനസിക  പീഡനങ്ങൾ നേരിടാറുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ലഹരി കാർട്ടലുകളുടെ ആക്രമണവും ഉണ്ടാവാറുണ്ട്. ജാലിസ്കോ ന്യൂ ജനറേഷൻ ലഹരി കാർട്ടലും സാന്റാ റോസാ ഡേ ലിമാ കാർട്ടലും തമ്മിൽ സംഘർഷം പതിവായ മേഖലയിലാണ് ചൊവ്വാഴ്ച രാത്രി വെടിവയ്പുണ്ടായത്. മെക്സികോയിൽ ഏറ്റവും അധികം കൊലപാതകങ്ങൾ നടക്കുന്ന സംസ്ഥാനമാണ് ഗ്വാനജുവാറ്റോ. 

തെരുവുകളിൽ ലഹരി വസ്തുക്കൾ വിൽപന നടത്തുന്ന ചെറുകിടക്കാർ ഇത്തരം സ്ഥാപനങ്ങളെ ഒളിത്താവളമായി മാറ്റാറുള്ളതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എതിർ സംഘങ്ങളിൽ ഉള്ള ആളുകൾ ഇത്തരം കേന്ദ്രങ്ങളിൽ ഒളിച്ചിരിക്കുമ്പോൾ വിരുദ്ധ സംഘങ്ങളുടെ ആക്രമണം നേരിടേണ്ടി വരാറുമുണ്ട്. 2020ൽ ഗ്വാനജുവാറ്റോയിലെ മറ്റൊരു നഗരമായ ഇരാപുവാറ്റോയിൽ ലഹരിമുക്തി കേന്ദ്രത്തിൽ വെടിവച്ച് കൊലപ്പെടുത്തിയത് 27 പേരെയാണ്. 2010ൽ മെക്സിക്കോയിലെ വടക്കൻ നഗരമായ ചിഹുഹ്വയിൽ 19 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇത്തരത്തിലുള്ള ഒരു ഡസനിലേറെ ആക്രമണങ്ങളാണ് മെക്സിക്കോയിൽ നടന്നിട്ടുള്ളത്. മെക്സിക്കോ സർക്കാർ ലഹരിമുക്തി കേന്ദ്രങ്ങൾക്കായി വളരെ കുറഞ്ഞ സാമ്പത്തിക സഹായം നൽകുന്നതാണ് സ്വകാര്യ സ്ഥാപനങ്ങൾ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ ആരംഭിക്കുന്നതിന് പിന്നിൽ. ഇതിന് പുറമേയാണ് ലഹരി വ്യാപാരികൾ ഇവിടം ഒളിത്താവളമാക്കുന്നതിന് പിന്നാലെയുള്ള അക്രമവും. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios