190 യാത്രക്കാരുമായി പറന്നുയർന്നു, പിന്നാലെ ശബ്ദവും തീജ്വാലയും; ഭയന്ന് യാത്രക്കാർ, സംഭവം നോർത്ത് കരോലിനയിൽ
ടേക്ക് ഓഫ് ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിലാണ് യാത്രക്കാരെ പരിഭ്രാന്തരാക്കിയ സംഭവമുണ്ടായത്.
ന്യൂയോർക്ക്: നോർത്ത് കരോലിനയിലെ ഷാർലറ്റിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.
വിമാനത്തിന്റെ എഞ്ചിനിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ നിന്ന് എയർബസ് A321 പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറിയത്.
ടേക്ക് ഓഫ് ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഒരു പക്ഷി വിമാനത്തിന്റെ എഞ്ചിനിൽ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ടതോടെ യാത്രക്കാർ ഭയന്നു. തുടർന്ന് വിമാനം ക്വീൻസിലുള്ള ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പക്ഷി എഞ്ചിനിൽ തട്ടിയത് പ്രാഥമിക എഞ്ചിന് സാരമായ കേടുപാടുകൾ വരുത്തിയതിനാൽ വിമാനം അതിന്റെ സെക്കൻഡറി എഞ്ചിനിലാണ് എമർജൻസി ലാൻഡിംഗ് നടത്തിയതെന്ന് ന്യൂയോർക്ക് ആൻഡ് ന്യൂജേഴ്‌സി പോർട്ട് അതോറിറ്റി അറിയിച്ചു.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവ സമയം വിമാനത്തിൽ 190 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. വിമാനത്തിലേയ്ക്ക് പക്ഷി പറന്നുവന്ന് ഇടിക്കുന്നതിന്റെയും വൈകാതെ തന്നെ തീജ്വാലയായി മാറുന്നതിന്റെയും ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ സംഭവം കാരണമുണ്ടായ അസൗകര്യത്തിന് യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു. കൂടാതെ, വെള്ളിയാഴ്ച രാവിലെ വിമാനം വീണ്ടും പുറപ്പെടേണ്ടതിനാൽ എല്ലാ യാത്രക്കാർക്കും അമേരിക്കൻ എയർലൈൻസ് രാത്രി ഒരു ഹോട്ടലിൽ താമസമൊരുക്കുകയും ചെയ്തു.