വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധനവെന്ന് കണക്കുകൾ
അമേരിക്ക, യുകെ, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞ വർഷം കൂടുതൽ ഇന്ത്യക്കാർ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്
ന്യൂഡൽഹി: വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 86 പേരാണ് ഇത്തരത്തിൽ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തത്. വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിങാണ് ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്. 2011ൽ വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തത് 29 പേരായിരുന്നെങ്കിൽ 2022ൽ ഇത് 57 ആയി ഉയർന്നു. കഴിഞ്ഞ വർഷം 86 ആയി മാറുകയും ചെയ്തു.
ഏറ്റവുമധികം ഇന്ത്യക്കാർ ആക്രമിക്കപ്പെട്ടത് അമേരിക്കയിലാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. 12 സംഭവങ്ങളാണ് ഇത്തരത്തിൽ അമേരിക്കയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുകെ, കാനഡ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് പത്ത് സംഭവങ്ങൾ വീതവും 2023ൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയും സുരക്ഷിതത്വവും ഇന്ത്യൻ സർക്കാറിന് ഏറെ പ്രധാനമാണെന്ന് വിവരിക്കുന്ന റിപ്പോർട്ടിൽ ഇത്തരം സംഭവങ്ങൾ വിദേശത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ഗൗരവത്തിലെടുക്കുന്നുണ്ടെന്നും വിശദീകരിക്കുന്നു. അതത് രാജ്യത്തെ സർക്കാറുകളുമായി ബന്ധപ്പെട്ട് ഈ കേസുകൾ കൃത്യമായി അന്വേഷിക്കപ്പെടുന്നുണ്ടെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതായും മന്ത്രി പറഞ്ഞു.
വലിയ രീതിയിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായുള്ള ചർച്ചകളിൽ വിഷയം ഉന്നയിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സഹായത്തിനായി നയതന്ത്ര കാര്യാലയങ്ങളിൽ 24 മണിക്കൂറും ഹെൽപ് ലൈനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും കീർത്തി വർദ്ധൻ സിങ് പാർലമെന്റിനെ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം