72 വയസുള്ള ആന മുത്തശിക്ക് ദയാവധം; മൺമറഞ്ഞത് വാഷിംഗ്ടൺ മൃഗശാലയ്ക്കുള്ള ഇന്ത്യയുടെ സമ്മാനം
വടക്കേ അമേരിക്കയിലെ പ്രായമേറിയ മൂന്ന് ആനകളിലൊന്നായിരുന്നു അംബിക. എട്ട് വയസ് പ്രായമുള്ളപ്പോഴാണ് കൂര്‍ഗ് വനംവകുപ്പ് അംബികയെ പിടികൂടിയത്. 1961 വരെ തടിപിടിക്കാനായി ആയിരുന്നു അംബികയെ ഉപയോഗിച്ചിരുന്നത്. പിന്നീട് അംബികയെ മൃഗശാലയ്ക്ക് സമ്മാനമായി നല്‍കിയതായിരുന്നു.
വാഷിങ്ടണ്‍: 72കാരിയായ ആന മുത്തശി അംബികയെ ദയാവധം ചെയ്ത് വാഷിങ്ടണിലെ ഈ മൃഗശാല. വാഷിങ്ടണിലെ സ്മിത്ത്സോണിയന്‍ ദേശീയ മൃഗശാലയിലെ ഏഷ്യന്‍ ആനയായ അംബികയെയാണ് കഴിഞ്ഞ ദിവസം ദയാവധത്തിന് വിധേയയാക്കിയത്. 1948 കാലത്താണ് അംബിക ജനിച്ചതെന്നാണ് വിവരം. വടക്കേ അമേരിക്കയിലെ പ്രായമേറിയ മൂന്ന് ആനകളിലൊന്നായിരുന്നു അംബിക. എട്ട് വയസ് പ്രായമുള്ളപ്പോഴാണ് കൂര്‍ഗ് വനംവകുപ്പ് അംബികയെ പിടികൂടിയത്. 1961 വരെ തടിപിടിക്കാനായി ആയിരുന്നു അംബികയെ ഉപയോഗിച്ചിരുന്നത്. പിന്നീട് അംബികയെ മൃഗശാലയ്ക്ക് സമ്മാനമായി നല്‍കിയതായിരുന്നു.
അംബികയുടെ മുന്‍കാലിലുണ്ടായ മുറിവ് കഴിഞ്ഞ ആഴ്ച തന്നെ മൃഗശാല സൂക്ഷിപ്പുകാര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഭാരം താങ്ങാനാവാതെ കാലില്‍ വളവ് കൂടി വന്നതോടെയാണ് അംബികയുടെ അവസ്ഥ മോശമായിരുന്നു. പ്രായാധിക്യം മൂലം അംബിക കുറച്ച് നാളുകളായി മറ്റ് ആനകളുമായി ഇടപഴകാനോ മൃഗശാലയിലെ മറ്റിടങ്ങളിലേക്കോ പോകാനോ തയ്യാറായിരുന്നില്ലെന്നും അംബികയുടെ സൂക്ഷിപ്പുകാര്‍ പറയുന്നു.
അംബികയെ എഴുന്നേല്‍പ്പിക്കാന്‍ സൂക്ഷിപ്പികാരും വിദഗ്ധരും പരിശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ദയാവധത്തിന് അനുമതി നല്‍കിയത്. മൃഗശാലയ്ക്ക് സമീപത്ത് വച്ച് തന്നെയാണ് അംബികയെ ദയാവധത്തിന് വിധേയയാക്കിയത്. അംബികയുടെ അടുത്ത സുഹൃത്തുക്കളായിരുന്ന രണ്ട് ആനകള്‍ക്ക് അന്തിമോപചാരം അവസാനിപ്പിക്കാന്‍ അവസരം നല്‍കിയ ശേഷമാണ് ദയാവധം നടപ്പിലാക്കിയത്. മനുഷ്യന്‍റെ പരിചരണത്തില്‍ ഏഷ്യന്‍ ആനകളുടെ സാധാരണ പ്രായം 40 ആണ്. എന്നാല്‍ 59 വര്‍ഷമായി മൃഗശാലയില്‍ കഴിയുന്ന അംബിക വിദഗ്ധര്‍ക്ക് ഒരു അത്ഭുതമായിരുന്നു.