ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയത് ആറ് മാസം; ഒടുവില്‍ മൂന്ന് വയസ്സുകാരി വീടണഞ്ഞു
കൊവിഡിന്റെ തുടക്കത്തില്‍ ലോക്ക്ഡൗണിന് മുമ്പ് മൂന്ന് വയസ്സ് പ്രായമായ മെലാനിയ അമ്മൂമ്മയോടൊപ്പം ഉക്രെയിനിലെ കീവിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു.
അഫുല: അമ്മൂമ്മയോടൊപ്പം വിരുന്നിന് പോയ മെലാനിയ പെട്രുഷാന്‍സ്‌ക എന്ന മൂന്ന് വയസ്സികാരി തന്റെ അമ്മയെ കാണാതെ ആറ് മാസം നില്‍ക്കേണ്ടി വരുമെന്ന് ഓര്‍ത്തതേ ഇല്ല. പക്ഷേ സംഭവിച്ചത് മറിച്ചാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുട്ടി വിദേശത്ത് ആറ് മാസം മാതാപിതാക്കളെ കാണാതെ കുടുങ്ങി. ഒടുവില്‍ പ്രത്യേക വിമാനത്തില്‍ കുഞ്ഞിനെ തിരിച്ചെത്തിച്ചു. പരസ്പരം കണ്ടപ്പോള്‍ സന്തോഷം അടക്കാനായില്ല മെലാനിയക്കും മാതാപിതാക്കള്‍ക്കും. ഇസ്രായേലിലാണ് കൊവിഡ് കാരണം കുഞ്ഞിനെ കാണാതെ മാതാപിതാക്കള്‍ ആറ് മാസം പ്രയാസത്തിലായത്.
ഉക്രെയിനില്‍ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയവരാണ് കുട്ടിയുടെ കുടുംബം. ജനുവരിയില്‍ ലോക്ക്ഡൗണിന് മുമ്പ് മെലാനിയ അമ്മൂമ്മയോടൊപ്പം ഉക്രെയിനിലെ കീവിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു. കൊവിഡ് വ്യാപനം മൂലം ഇസ്രായേല്‍ എല്ലാ അതിര്‍ത്തികളും അടച്ചു. അതോടെ മാതാപിതാക്കള്‍ ഇസ്രായേലിലും കുട്ടി കീവിലുമായി. ഒടുവില്‍ സര്‍ക്കാര്‍ ഇടപെട്ട് കുഞ്ഞിനെ പ്രത്യേക വിമാനത്തില്‍ ഇസ്രായേലിലെത്തിച്ചു. രോഗവ്യാപനം കൂടിയതോടെയാണ് കുഞ്ഞിനെ കൊണ്ടുവരുന്നത് താമസിച്ചത്. അമ്മൂമ്മ ഇസ്രായേല്‍ പൗര അല്ലാത്തതിനാല്‍ തിരിച്ചെത്തിക്കുന്ന നടപടികള്‍ സങ്കീര്‍ണമാക്കി. ലോക്ക്ഡൗണില്‍ വിദേശികള്‍ക്ക് ഇസ്രായേലിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക കാരണം ഉക്രെയിനിലേക്ക് പോയി കുട്ടിയെ കൊണ്ടുവരാന്‍ മാതാപിതാക്കായില്ല. അങ്ങനെയാണ് കുഞ്ഞിനെ തിരികെയെത്തിക്കാന്‍ ഇസ്രെയര്‍ എയര്‍ലൈന്‍ സമ്മതിച്ചത്. കുട്ടി ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. സന്തോഷം കൊണ്ട് മതിമറന്നെന്ന് കുട്ടിയുടെ അമ്മ അലോണ പറഞ്ഞു. സങ്കടവും നിരാശയും നിറഞ്ഞ കാലമാണ് കടന്നുപോയതെന്നും അലോണ മാധ്യമങ്ങളോട് പറഞ്ഞു.