കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതി:ആശുപത്രിയിൽ തുടരും
എം.കെ.സ്റ്റാലിനൊപ്പം രാഹുൽ ഗാന്ധി കരുണാനിധിയെ സന്ദർശിക്കുന്നതിന്റെ ചിത്രം വൈകിട്ടോടെ പുറത്തുവന്നു. ഓക്സിജൻ മാസ്കുകളും ജീവൻ രക്ഷോപകരണങ്ങളും ഇല്ലാതെയുള്ള കരുണാനിധിയുടെ ചിത്രം തമിഴകത്തിന് ആശ്വാസം നൽകുന്നതാണ്.
ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി എം.കരുണാനിധി ആശുപത്രിയിൽ തുടരും. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും പക്ഷെ വാർധക്യ സംബന്ധമായ പ്രശ്നങ്ങൾ ചികിത്സക്ക് തടസ്സമാകുന്നുവെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്.
ചൊവ്വാഴ്ച്ച പുറത്തു വിട്ട മെഡിക്കൽ ബുള്ളറ്റിനിലെ വിശദാംശങ്ങൾ ഇങ്ങിനെ.... ഈ മാസം 28ന് പുലർച്ചെയാണ് രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് കരുണാനിധിയെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം ശ്വാസതടസ്സത്തെ തുടർന്ന് അദ്ദേഹം ഗുരുതരാവസ്ഥയിലായെങ്കിലും കൃത്യമായ ചികിത്സകൾ ഫലം കണ്ടു.പക്ഷേ കരൾ-രക്ത സംബന്ധമായ പ്രശ്നങ്ങൾ ഇപ്പോഴും ഗുരുതരമാണ്. പ്രായാധിക്യം കാരണം മരുന്നുകൾ പൂർണ്ണമായും ഫലം കാണുന്നുമില്ല. അക്കാരണത്താൽ കരുണാനിധി ആശുപത്രിയിൽ തന്നെ തുടരുന്നതാണ് ഉചിതമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ചെന്നൈ കാവേരി ആശുപത്രിയിലെത്തി കരുണാനിധിയെ കണ്ടിരുന്നു. എം.കെ.സ്റ്റാലിനൊപ്പം രാഹുൽ ഗാന്ധി കരുണാനിധിയെ സന്ദർശിക്കുന്നതിന്റെ ചിത്രം വൈകിട്ടോടെ പുറത്തുവന്നു. ഓക്സിജൻ മാസ്കുകളും ജീവൻ രക്ഷോപകരണങ്ങളും ഇല്ലാതെയുള്ള കരുണാനിധിയുടെ ചിത്രം തമിഴകത്തിന് ആശ്വാസം നൽകുന്നതാണ്. നടൻ രജനികാന്തും ചൊവ്വാഴ്ച്ച രാത്രി കാവേരി ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദർശിച്ചു.