വിളിയ്ക്കാത്ത കല്ല്യാണത്തിന് പോയി; യൂട്യൂബർക്കും സുഹൃത്തിനുമെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ലോകത്താകമാനമുള്ള സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
മുംബൈ: അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ക്ഷണമില്ലാതെ എത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജിയോ കൺവെൻഷൻ സെന്ററിൽ നുഴഞ്ഞുകയറിയ യൂട്യൂബർ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), സുഹൃത്ത് ലുക്മാൻ മുഹമ്മദ് ഷാഫി എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് വിട്ടയച്ചു. ഇരുവർക്കുമെതിരെ കേസെടുത്തെന്നും പൊലീസ് അറിയിച്ചു. ആന്ധ്രയിൽ നിന്നാണ് ഇരുവരും എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ജിയോ കൺവെൻഷൻ സെന്ററിൽ വിവാഹച്ചടങ്ങുകൾ. ലോകത്താകമാനമുള്ള സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എങ്ങനെയാണ് ഇവർ സുരക്ഷ വെട്ടിച്ച് അകത്ത് കടന്നതെന്ന് വ്യക്തമല്ല.
ഏകദേശം രണ്ട് മാസം നീണ്ടുനിന്ന ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച് നടന്നത്. റിഹാന, ജസ്റ്റിൻ ബീബർ തുടങ്ങി ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ താരങ്ങൾ അംബാനി വിവാഹത്തിന് എത്തി. രാജ്യം കണ്ട ഏറ്റവും ചെലവേറിയ വിവാഹമാണ് നടക്കുന്നത്. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ ആഘോഷങ്ങൾ മാർച്ചിൽ ഗുജറാത്തിലെ ജാംനഗറിൽ ആരംഭിച്ചിരുന്നു. തുടർന്ന് ഇറ്റലിയിൽ നിന്നും ഫ്രാന്സിലേക്കുള്ള കപ്പൽ സവാരി.
കൂടാതെ വിവാഹത്തിന്റെ ഒരാഴ്ച മുൻപ് തുടങ്ങിയ ഹൽദി, സംഗീത്, മെഹന്തി, ഗ്രഹ പൂജ തുടങ്ങിയ നിരവധി ചടങ്ങുകൾ. അംബാനി വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു, ആഗോള താരങ്ങളായ ജസ്റ്റിൻ ബീബർ, റിഹാന, ബോളിവുഡ് സെലിബ്രിറ്റികളായ ദിൽജിത് ദോസഞ്ജ് എന്നിവരുടെ പ്രകടനങ്ങൾ ചടങ്ങിലെ മുഖ്യാകർഷണമായിരുന്നു. 50 മുതൽ 90 കോടി വരെയാണ് ഇവർ ഓരോരുത്തർക്കും അംബാനി നൽകിയത്.