പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, സാനിറ്ററി പാഡ് വിതരണം: 'മിഷൻ ശക്തി' അഞ്ചാം ഘട്ടവുമായി യുപി സർക്കാർ
മിഷൻ ശക്തിയുടെ ഈ ഘട്ടം സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
ലഖ്‌നൗ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്കും സ്വാശ്രയത്വത്തിനുമായുള്ള ഉത്തർപ്രദേശ് സർക്കാരിന്‍റെ 'മിഷൻ ശക്തി'യുടെ അഞ്ചാം ഘട്ടം ആരംഭിക്കുന്നു. 10 ലക്ഷം പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നൽകുമെന്നും 36,772 പെൺകുട്ടികൾക്ക് സ്ഥിരമായി സാനിറ്ററി പാഡുകൾ വിതരണം ചെയ്യുമെന്നും സർക്കാർ അറിയിച്ചു. ഒക്ടോബറിൽ തുടങ്ങുന്ന പരിശീലന പരിപാടികളും ബോധവൽക്കരണ ക്യാമ്പെയ്‌നുകളും അടുത്ത വർഷം മെയിലാണ് അവസാനിക്കുക.
സ്വയം പ്രതിരോധം, ജീവിത നൈപുണ്യം, നിയമപരമായ അവകാശങ്ങൾ എന്നിവയെക്കുറിച്ച് പെൺകുട്ടികളെ ബോധവൽക്കരിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ഗാർഹിക പീഡനം, ലൈംഗികാതിക്രമം, നല്ല സ്പർശനവും ചീത്ത സ്പർശനവും തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥിനികൾക്ക് ബോധവർക്കരണം നൽകും. വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. മിഷൻ ശക്തിയുടെ ഈ ഘട്ടം സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
പ്രധാനമന്ത്രി ശ്രീ യോജനയ്ക്ക് കീഴിൽ 167 സ്കൂളുകളിൽ കരിയർ കൗൺസലിംഗ് സെഷനുകൾ നടത്തുമെന്നും യോഗി സർക്കാർ അറിയിച്ചു. ആർത്തവ ശുചിത്വം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ പെണ്‍കുട്ടികൾക്ക് അവബോധം നൽകും. ഏപ്രിൽ, മെയ് മാസങ്ങളിൽ, വിദ്യാഭ്യാസത്തിനുള്ള അവകാശം, പോക്‌സോ നിയമം, ശൈശവ വിവാഹം എന്നിവ സംബന്ധിച്ച നിയമങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കും. പെൺകുട്ടികളുടെ ദിനം, വനിതാ ദിനം തുടങ്ങിയ സുപ്രധാന ദിവസങ്ങളിൽ സംവാദം, റാലികൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും. പെൺകുട്ടികൾക്ക് സ്പോർട്സ്, ഗൈഡ്സ്, എൻസിസി പ്രവർത്തനങ്ങളിൽ പരിശീലനം ലഭിക്കും. പിടിഎ യോഗങ്ങളിലൂടെ നിയമ സാക്ഷരത നൽകുമെന്നും യുപി സർക്കാർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം