'ദർശന് 2 ഭാര്യമാരാകാമെങ്കിൽ എനിക്ക് ആയിക്കൂടേ?'; ഭർത്താവിൻ്റെ അവിഹിത ബന്ധത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
കഴിഞ്ഞ മൂന്ന് മാസമായി വിവാഹമോചനം ആവശ്യപ്പെട്ട് ശ്രീഹരി നിരന്തരം അനുഷയെ സമ്മർദ്ദത്തിലാക്കിയെന്നും ആരോപണമുണ്ട്
ബെംഗളൂരു: ഭർത്താവിന്‍റെ വിവാഹേതരബന്ധത്തിൽ മനംനൊന്ത് ബെംഗളുരുവിൽ യുവതി തീ കൊളുത്തി മരിച്ചു. ഹുളിമാവിനടുത്തുള്ള അക്ഷയ് നഗർ സ്വദേശിനി അനുഷ (27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശ്രീഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 5 വർഷമായി ഇവർ വിവാഹിതരായിരുന്നു. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു മകനുമുണ്ട്.
വിവാഹം കഴിഞ്ഞ ഉടൻ തന്നെ ശ്രീഹരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അനുഷയ്ക്ക് അറിയാമായിരുന്നെന്ന് കുടുംബം പറയുന്നു. ശ്രീഹരിയുടെ മനസ്സ് മാറുമെന്ന് കരുതി അനുഷ കാത്തിരുന്നതാണെന്നും കഴിഞ്ഞ മൂന്ന് മാസമായി വിവാഹമോചനം ആവശ്യപ്പെട്ട് ശ്രീഹരി നിരന്തരം അനുഷയെ സമ്മർദ്ദത്തിലാക്കിയെന്നും ഇവർ പരാതിപ്പെടുന്നു. ഇതിനിടെ അനുഷയും ശ്രീഹരിയും തമ്മിൽ വഴക്കുണ്ടായപ്പോഴാണ് കന്നട സിനിമാ നടൻ ദർശന് രണ്ട് ഭാര്യമാരാകാമെങ്കിൽ തനിക്കുമാകാം എന്ന് ശ്രീഹരി പറഞ്ഞതെന്ന ആരോപണം ഉയർന്നത്.
ഇത് കേട്ട അനുഷ ശുചിമുറിയിൽ കയറി വാതിലടച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. കുടുംബം പരാതി ഉന്നയിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ശ്രീഹരിയെ അറസ്റ്റ് ചെയ്തത്.
കർണാടകത്തിൽ വിവാദമായ രേണുകാസ്വാമി കൊലക്കേസിൽ ജയിലിൽ കഴിയുകയാണ് നടൻ ദർശൻ. ദർശനും മറ്റ് പ്രതികൾക്കുമെതിരെ നാലായിരത്തോളം പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ദർശൻ തൂഗുദീപയും സംഘവും രേണുകാസ്വാമിയെ ക്രൂരമായി മർദ്ദിച്ചുവെന്നും തല ചുമരിലിടിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ദർശൻ രേണുകാസ്വാമിയുടെ സ്വകാര്യഭാഗങ്ങളിൽ ക്രൂരമായി മർദ്ദിച്ചെന്നും രേണുകാസ്വാമിയുടെ കഴുത്തിലും നെഞ്ചിലും വയറ്റിലും ചവിട്ടിയെന്നും ഇതിനാൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരപരിക്കേറ്റെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ദർശന്‍റെ പങ്കാളിയായ പവിത്ര ഗൗഡയും രേണുകാസ്വാമിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്ന മറ്റൊരു കാര്യം. രേണുകാസ്വാമിയെ പവിത്ര ചെരുപ്പ് കൊണ്ട് അടിക്കുകയും ക്രൂരമർദ്ദനത്തിന് ഇരയാക്കാൻ ഗുണ്ടകളോട് നിർദേശം നൽകുകയും ചെയ്തതായി കുറ്റപത്രത്തിൽ. രേണുകാസ്വാമി മരിച്ചെന്നുറപ്പായപ്പോൾ മൃതദേഹം ഉപേക്ഷിക്കാൻ ഗുണ്ടാസംഘത്തിന് ദർശൻ 30 ലക്ഷം രൂപ നൽകിയെന്നും ആരോപിക്കുന്നുണ്ട്. അതിനിടെ കുറ്റപത്രത്തിലെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ദർശന്‍റെ ഹർജിയെത്തി. തെളിയിക്കപ്പെടാത്ത കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അപകീർത്തിയുണ്ടാക്കുമെന്ന് കാട്ടിയാണ് ഹർജിയെന്നും റിപ്പോർട്ടിൽ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)