പാളത്തിലിറങ്ങിയവരെ പിടിക്കാന്‍ റെയില്‍വേയുടെ തന്ത്രം; കാലനെക്കണ്ട് ഭയന്ന് യാത്രക്കാര്‍
പാളങ്ങള്‍ മുറിച്ച് കടക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നിരിക്കെയാണ് നിരവധിയാളുകള്‍ പാളങ്ങള്‍ അശ്രദ്ധമായി മുറിച്ച് കടന്ന് അപകടത്തില്‍പ്പെടുന്നത്. അശ്രദ്ധമായി പാളം മുറിച്ച് കടക്കുന്ന ഇത്തരക്കാരെ പിടിക്കാന്‍ റെയില്‍വേ ഇറക്കിയത് കാലനെ.
മുംബൈ: ബോധവല്‍ക്കരണങ്ങള്‍ ശ്രദ്ധിക്കാതെ ആളുകള്‍ വീണ്ടും നടപ്പാത ഉപയോഗിക്കാതെ പാളങ്ങള്‍ മുറിച്ച് കടക്കാന്‍ തുടങ്ങിയതോടെ ട്രാക്കിലിറങ്ങിയത് 'കാലന്‍'. റെയില്‍പാളങ്ങള്‍ മുറിച്ച് കടക്കാന്‍ സ്റ്റേഷനുകളില്‍ നടപ്പാതയുപയോഗിക്കണമെന്ന നിര്‍ദേശം പലരും ഷോര്‍ട്ട് കട്ട് അടിക്കാറുണ്ട്. അശ്രദ്ധമായ ഈ ഷോര്‍ട്ട്കട്ട് പലപ്പോഴും യാത്രക്കാരുടെ ദാരുണാന്ത്യത്തിന് വരെ കാരണമായതിന് പിന്നാലെയാണ് ബോധവല്‍ക്കരണത്തിനായി റെയില്‍വേ കാലനെ ട്രാക്കിലിറക്കിയത്.
പാളങ്ങള്‍ മുറിച്ച് കടക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നിരിക്കെയാണ് നിരവധിയാളുകള്‍ പാളങ്ങള്‍ അശ്രദ്ധമായി മുറിച്ച് കടന്ന് അപകടത്തില്‍പ്പെടുന്നത്. പശ്ചിമ റെയില്‍വേയാണ് ഈ വേറിട്ട ബോധവല്‍ക്കരണത്തിന് പിന്നില്‍. കറുത്ത നിറമുള്ള നീളന്‍ കുപ്പായവും ഗദയും കിരീടവുമായി ഭയപ്പെടുത്തുന്ന രൂപത്തിലാണ് കാലന്‍ ട്രാക്കിലിറങ്ങിയത്. ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നവരെ കാലന്‍ തോളിലെടുത്ത് തിരികെ പ്ലാറ്റ്ഫോമില്‍ എത്തിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
ഇത്തരം നിയമലംഘനം സ്ഥിരമായി നടക്കാറുള്ള മുംബൈയിലെ മലാഡ്, അന്ധേരി അടക്കമുള്ള തിരക്കേറിയ പല സ്റ്റേഷനുകളിലും ഇത്തരത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. റെയില്‍വേ പൊലീസുകാരനാണ് ഇത്തരത്തില്‍ കാലന്‍റെ വേഷത്തിലെത്തിയത്. ഏതായാലും കാലന്‍ നേരിട്ടെത്തിയുള്ള ബോധവല്‍ക്കരണത്തില്‍ സ്ഥിരം നിയമ ലംഘകര്‍ക്ക് മനം മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.