കാമുകിയുമായി കാറിൽ ഔട്ടിങ്ങിന് പോകണം, സഹായിക്കാൻ 'വ്യത്യസ്ത' വഴിയൊരുക്കി 2 സുഹൃത്തുക്കൾ, അവസാനിച്ചത് ജയിലിൽ
നൂറു കണക്കിന് സിസിടിവികൾ പരിശോധിച്ച ശേഷമാണ് പൊലീസ് കാര്‍ കണ്ടെത്തിയത്.
കാമുകിയെ നല്ലൊരു കാറിൽ പുറത്തുകൊണ്ടുപോകണം. അങ്ങനെയൊരു ആഗ്രഹം വന്നാൽ സാധാരണ എല്ലാവരും ചെയ്യുന്നത് എന്തായിരിക്കും? സ്വന്തമായി കാറില്ലെങ്കിൽ സുഹൃത്തിനോടോ മറ്റോ കടം വാങ്ങിക്കും. എന്നാൽ ഗ്രേറ്റര്‍ നോയിഡയിൽ മൂന്ന് പേര്‍ ചെയ്തത് മറ്റൊന്നാണ്. സംഭവം പൊലീസ് വിശദീകരിച്ചപ്പോൾ പുറത്തുവന്നത് വല്ലാത്തൊരു കഥയാണ്.
കാറിൽ കാമുകിയെ പുറത്തേക്ക് കൊണ്ടുപോകാൻ സുഹൃത്തിനെ സഹായിക്കാൻ തീരുമാനിക്കുന്നു. അതിനായി അവര്‍ കണ്ടെത്തിയ വഴി, ഡീലര്‍ ഷോറൂമിൽ നിന്ന് വാഹനം മോഷ്ടിക്കുക എന്നതായിരുന്നു. കഴിഞ്ഞ മാസമാണ് സംഭവം നടന്നതെങ്കിലും കേസിൽ പുതിയ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. ശ്രേയ്, അനികേത് നഗർ, ദീപാൻഷു ഭാട്ടി എന്നിവരാണ് കാർ കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇവരിൽ ആരൊക്കെയാണ് സുഹൃത്തിനായി ഇങ്ങനെ ഒരു കൃത്യം നടപ്പിലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
സെപ്തംബർ 26-നായിരുന്നു സംഭവം. കാർ ഡീലര്‍ ഷോറൂമിലെത്തിയ രണ്ടുപേര്‍ ഹ്യുണ്ടായ് വെന്യു ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ ആവശ്യപ്പെട്ടു. ഹെൽമറ്റ് ധരിച്ച് എക്സിറ്റ് ഗേറ്റിന് അരികിലായി നിൽക്കുകയായിരുന്നു അവര്‍. ഷോറൂമിലെ ജീവനക്കാരൻ വണ്ടി ഡ്രൈവ് ചെയ്ത് പുറത്തെത്തിച്ച് വണ്ടിയിൽ നിന്നിറങ്ങി.
പിന്നാലെ രണ്ടുപേര്‍ ഡ്രൈവിങ് സീറ്റിലും സൈഡ് സീറ്റിലുമായി ഇരുന്ന് വണ്ടിയോടിച്ച് പോവുകയായിരുന്നു. സംഭവം സിസിടിവിയിൽ വ്യക്തമാണ്. നൂറു കണക്കിന് സിസിടിവികൾ പരിശോധിച്ച ശേഷമാണ് പൊലീസ് കാര്‍ കണ്ടെത്തിയത്. ഇവർ മൂവരെയും കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ग्रेटर नोएडा में टेस्ट ड्राइव के बहाने 3 छात्रों ने कार लूटी pic.twitter.com/gSBtbpjTit
— Amit Kasana (@amitkasana6666) October 11, 2024