മൂടൽ മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; വിവാഹശേഷം വീട്ടിലേക്ക് വരികയായിരുന്ന ദമ്പതികളടക്കം 7 പേർക്ക് ദാരുണാന്ത്യം
വിവാഹം കഴിഞ്ഞ് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്ന് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
ലക്നൗ: കനത്ത മൂടൽ മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവദമ്പതികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് ദാരുണമായ അപകടമുണ്ടായത്. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ദമ്പതികളും അവരുടെ കുടുംബാംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു.
ശനിയാഴ്ച പുലർച്ചെ ദേശീയപാത 74ൽ ആണ് അപകടം ഉണ്ടായത്. പുലർച്ചെ കനത്ത മൂടൽ മഞ്ഞായിരുന്നു ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം ജാർഖണ്ഡിൽ വെച്ച് വിവാഹിതരായ നവദമ്പതികൾ ബിജ്നോറിലെ ധാംപൂരിലുള്ള തങ്ങളുടെ വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു. മൊറാദാബാദ് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ സംഘം അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വീട്ടിലേക്ക് പുറപ്പെട്ടത്.
ദേശീയ പാതയിലൂടെ സഞ്ചരിക്കവെ റോഡിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് ലേൻ മാറിയെത്തിയ ഒരു കാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂടൽ മഞ്ഞ് കാരണം ഡ്രൈവർമാർക്ക് കാഴ്ച ദുഷ്കരമായിരുന്നു എന്ന് ബിജ്നോർ പൊലീസ് സൂപ്രണ്ട് അഭിഷേക് പറഞ്ഞു. നവദമ്പതികളും അവരുടെ കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളും അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേരെ സമീപത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിൽ ഇയാൾക്കും പരിക്കുണ്ട്. അപകടത്തിൽ മരിച്ചവർക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദരാഞ്ജലി അർപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം