യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റൽ ഭക്ഷണത്തിൽ പഴുതാര, പുഴു, പാറ്റ; 'പരാതിപ്പെട്ടാൽ ഇന്‍റേണൽ മാർക്ക് കുറയ്ക്കും'
വൃത്തിഹീനമായ പരിസരത്ത് ഭക്ഷണമുണ്ടാക്കുന്നതിന് എതിരെ പലതവണ അധികൃതരോട് വിദ്യാർത്ഥികള്‍ പരാതിപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.
ഭോപ്പാൽ: ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെയും പാറ്റയെയും കിട്ടിയതായി പരാതി. വൃത്തിഹീനമായ പരിസരത്ത് ഭക്ഷണമുണ്ടാക്കുന്നതിന് എതിരെ പലതവണ അധികൃതരോട് വിദ്യാർത്ഥികള്‍ പരാതിപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
മധ്യപ്രദേശിലെ റാണി ദുർഗവതി ഗേൾസ് ഹോസ്റ്റലിലെ മെസ് ഭക്ഷണത്തില്‍ നിന്ന് കഴിഞ്ഞ ദിവസം വിദ്യാർഥികള്‍ക്ക് കിട്ടിയത് പഴുതാരയാണ്. ആദ്യമായല്ല ഇത്തരത്തില്‍ പഴുതാരയെയും പാറ്റയെയും ഭക്ഷണത്തില്‍ നിന്ന് കിട്ടുന്നത്. ഇതിങ്ങനെ പതിവായതോടെ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കി. എന്നിട്ടും പരിഹാരമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പരാതി പറയുന്നവരെ ഇന്‍റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പുറത്ത് പോയി ഭക്ഷണം കഴിക്കാനും സൗകര്യമില്ല. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും മെസ് ഫീസ് കൃത്യമായി അടക്കണം. കേരളത്തില്‍ നിന്നടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുണ്ട് ഹോസ്റ്റലില്‍. വൃത്തിഹീനമായ മെസില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനാല്‍ ഭക്ഷ്യവിഷബാധയും നിത്യസംഭവമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം