ആമസോണ്‍ മാനേജറുടെ കൊലപാതകം: മായ ഗ്യാങിലെ രണ്ടുപേര്‍ കൂടി പിടിയില്‍
ദില്ലിയില്‍ നിന്ന് പഞ്ചാബിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇരുവരും അറസ്റ്റിലായത്.
ദില്ലി: ദില്ലിയില്‍ ആമസോണ്‍ മാനേജരെ വെടിവച്ചുകൊന്ന സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. 23 വയസുകാരായ ജുബൈര്‍, സുഹൈല്‍ എന്നിവരെയാണ് ഇന്നലെ രാത്രി 11.30ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലിയില്‍ നിന്ന് പഞ്ചാബിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇരുവരും അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. അഞ്ചാമന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു.
മായ ഗ്യാങ്ങിന്റെ തലവനായ മുഹമ്മദ് സമീറിനെയും കൂട്ടാളി ബിലാല്‍ ഗാനിയെയും കഴിഞ്ഞദിവസം പിടികൂടിയിരുന്നു. മായ ഭായ് എന്ന് വിളിപ്പേരുള്ള മുഹമ്മദ് സമീറിന് വയസ് വെറും പതിനെട്ട് മാത്രമാണ്. നാല് കൊലപാതക കേസുകളില്‍ പ്രതി കൂടിയാണ് മുഹമ്മദ് സമീര്‍. വടക്കുകിഴക്കന്‍ ദില്ലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡസനോളം ചെറുപ്പക്കാരടങ്ങുന്ന ഗ്യാങ്ങിന്റെ തലവനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബോളിവുഡ് സിനിമകള്‍ കണ്ടാണ് സമീര്‍ സ്വന്തം ഗ്യാങ് രൂപീകരിച്ചതെന്നും പൊലീസ് പറയുന്നു.
ചൊവ്വാഴ്ച രാത്രി നടന്ന ക്രൂര കൊലപാതകത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മായ ഗ്യാങ്ങിന്റെ പങ്ക് വെളിപ്പെട്ടത്. രാത്രി പത്തരയോടെ ബിലാല്‍ ഗാനിയുടെ വീട്ടിലെ പാര്‍ട്ടി കഴിഞ്ഞ് ഭജന്‍പുരയിലൂടെ ബൈക്കില്‍ വരികയായിരുന്ന സമീര്‍ ഉള്‍പ്പടെ അഞ്ചു പേരടങ്ങുന്ന സംഘം, ഇടുങ്ങിയ ഒരു റോഡിലെത്തിയപ്പോള്‍ മുന്നില്‍ ആമസോണ്‍ മാനേജര്‍ ഹര്‍പ്രീത് ഗില്ലിന്റെ വാഹനം കുടുങ്ങി. തുടര്‍ന്ന് വഴി മാറുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമായി. ഇതിനിടെ മുഹമ്മദ് സമീര്‍ തോക്കെടുത്ത് ഹര്‍പ്രീത് ഗില്ലിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഗില്ലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മാവന്‍ ഗോവിന്ദിനും തലയ്ക്ക് വെടിയേറ്റു. ഗോവിന്ദ് ഇപ്പോഴും ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
എന്തിനിത് ചെയ്തു? ഈ കുഞ്ഞുമക്കളെ ഓര്‍ത്തൂടായിരുന്നോ?: അപര്‍ണയെ തേടിയെത്തുന്ന വേദനിപ്പിക്കുന്ന കമന്‍റുകള്‍.!