മുകേഷ് സാഹ്നിയുടെ അച്ഛന്റെ കൊലപാതകം: സിസിടിവി ദൃശ്യങ്ങളിലുളള 2 പേർ പിടിയിൽ
മുൻ മന്ത്രിയും വികാസ് ശീൽ ഇൻസാൻ പാർട്ടി തലവനുമായ മുകേഷ് സാഹ്നിയുടെ അച്ഛനെയാണ് വീട്ടിൽ കയറി അടിച്ചുകൊലപ്പെടുത്തിയത്.
പറ്റ്ന : ബിഹാറിൽ വികാസ് ശീൽ ഇൻസാൻ പാർട്ടി തലവന്റെ അച്ഛനെ മർദിച്ച് കൊന്ന സംഭവത്തിൽ
രണ്ട് പേർ പിടിയിൽ. സിസിടിവി ദൃശ്യങ്ങളിൽ കണ്ട രണ്ട് പേരെയാണ് ബിഹാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
മുൻ മന്ത്രിയും വികാസ് ശീൽ ഇൻസാൻ പാർട്ടി തലവനുമായ മുകേഷ് സാഹ്നിയുടെ അച്ഛനെയാണ് വീട്ടിൽ കയറി അടിച്ചുകൊലപ്പെടുത്തിയത്. കിടപ്പുമുറിയിലെ കട്ടിലിൽ മുറിവുകളേറ്റ നിലയിലായിരുന്നു ജിതൻ സാഹ്നിയുടെ മൃതദേഹം. മോഷണത്തിനെത്തിയവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം.
പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുകയാണ്. ബിഹാറിൽ ക്രമസമാധാന നില പാടേ തകർന്നെന്ന് ആർജെഡി കുറ്റപ്പെടുത്തി.കുറ്റക്കാരെ വെറുതെ വിടില്ലെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. ആർജെഡി - ജെഡിയു സർക്കാറിൽ മന്ത്രിയായിരുന്ന മുകേഷ് സാഹ്നി നിലവില് പ്രതിപക്ഷത്തെ പ്രമുഖ നേതാവാണ്.