നിരവധിപ്പേർ കയറിയ ട്രാക്ടർ ട്രോളി നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
മദ്ധ്യപ്രദേശിൽ ആരാധനാലയത്തിലേക്ക് യാത്ര ചെയ്ത ഒരുകൂട്ടം ഗ്രാമീണരാണ് അപകടത്തിപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന ട്രാക്ടർ ട്രോളി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ഭോപ്പാൽ: മദ്ധ്യപ്രദേശിയ ദാമോയിൽ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കറ്റു. ഞായറാഴ്ച രാത്രി ഫത്തേപൂർ ഗ്രാമത്തിലായിരുന്നു സംഭവം. പരിക്കേറ്റവരിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
അടുത്ത ജില്ലയിലെ ഒരു ആരാധനാലയത്തിലേക്ക് ട്രാക്ടർ ട്രോളിയിൽ യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ ഫത്തേപ്പൂരിൽ വെച്ച് നിയന്ത്രണം നഷ്ടമായി ട്രോളി മറിഞ്ഞു. പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നതിനാൽ റോഡിൽ നിന്ന് വഴുതിയതും രാത്രി വേണ്ടത്ര വെളിച്ചമില്ലാതെ യാത്ര ചെയ്തതുമാവാം അപകട കാരണമായതെന്നാണ് നിഗമനം. പത്ത് വയസുള്ള കുട്ടിയും ഒരു സ്ത്രീയും അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റിരുന്ന രണ്ട് പേർ പിന്നീടാണ് മരിച്ചത്.
നാട്ടുകാരിൽ നിന്ന് അപകടം സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഹട്ട സിവിൽ ആശുപത്രിയിൽ എത്തിച്ചവരിൽ ഗുരുതര പരിക്കുള്ളവരെ പിന്നീട് ദാമോ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ സിവിൽ ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരുകയാണ്. അപകട കാരണം ഉൾപ്പെടെ കണ്ടെത്താനുള്ള വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം