കനത്ത മഴക്കിടെ ദുരന്തം വിതച്ച് ഇടിമിന്നൽ, ഒറ്റ ദിവസത്തിൽ ഇടിമിന്നലേറ്റ് മരിച്ചത് 30 പേർ; കണ്ണീരണിഞ്ഞ് യുപി
പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്
ലഖ്നൗ: ഉത്തർപ്രദേശിൽ കനത്ത നാശം വിതച്ച് അതിതീവ്രമഴയും ഇടിമിന്നലും. സംസ്ഥാനത്തെ വിവിധ മേഖലകളിൽ ദുരന്തം വിതയ്ക്കുന്ന മൺസൂണിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ ഇടിമിന്നലേറ്റ് 30 പേർ മരിച്ചമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. സുൽത്താൻ പൂരിൽ മാത്രം ഏഴു പേർക്ക് ഇടിമിന്നലേറ്റ് ജീവൻ നഷ്ടമായി. പൂർവാഞ്ചലിൽ (കിഴക്കൻ യു പി) ഇടിമിന്നലേറ്റ് അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 10 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയ സാഹചര്യത്തിൽ ഇപ്പോൾ നേരിയ കുറവുണ്ടെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, അസം സംസ്ഥാനങ്ങളിലാണ് ഇക്കുറി കനത്ത മഴ പ്രളയ സമാന സാഹചര്യമാണ് സൃഷ്ടിച്ചത്. നിരവധിപേർക്കാണ് ജീവൻ നഷ്ടമായ മഴ ദുരന്തത്തിൽ കനത്ത നാശനഷ്ടങ്ങളാണ് ഈ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം