ജമ്മുവിൽ സുൻജ്‍വാൻ സൈനിക കേന്ദ്രത്തിന് നേരെ വെടിവെപ്പ്; ഭീകരർക്കായി സേന തെരച്ചിൽ തുടങ്ങി
സുൻജ്‍വാൻ സൈനിക കേന്ദ്രത്തിന് പുറത്താണ് വെടിവെപ്പുണ്ടായത്. സൈന്യം തിരിച്ചും വെടിവെച്ചു. ഭീകരരെ കണ്ടെത്താനായി വ്യാപക തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
ശ്രീനഗർ: ജമ്മു കശ്മീരിലെ സുൻജ്‍വാനിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരരുടെ വെടിവെപ്പ്. ഒരു സൈനികന് പരിക്കേറ്റു. ഭീകരരെ കണ്ടെത്താനായി സൈന്യം പ്രദേശത്ത് വ്യാപക തെരച്ചിൽ തുടങ്ങി. സൈന്യത്തിനൊപ്പം പൊലീസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. സംഭവം സംബന്ധിച്ച് സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
തിങ്കളാഴ്ച രാവിലെ സൈനിക കേന്ദ്രത്തിന് പുറത്ത് കവാടത്തിന് സമീപത്തു നിന്നാണ് വെടിവെപ്പുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സൈനിക പോസ്റ്റിലുണ്ടായിരുന്ന ജവാന്മാർ തിരിച്ചും വെടിവെച്ചു. അൽപ്പ സമയത്തിനകം വെടിവെപ്പ് അവസാനിപ്പിച്ച് ഭീകരർ ഇവിടെ നിന്ന് രക്ഷപ്പെട്ടു. രാവിലെ 10.30നും 11 മണിക്കും ഇടയ്ക്കായിരുന്നു വെടിവെപ്പ്. പിന്നാലെ ഭീകരരെ കണ്ടെത്താൻ വ്യാപക പരിശോധന തുടങ്ങി. പ്രദേശം പൂർണമായി സൈന്യവും പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും വളഞ്ഞിരിക്കുകയാണ്. വീടുകളും മറ്റ് കെട്ടിടങ്ങളും ഉൾപ്പെടെ എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തിവരുന്നു. ഡ്രോണുകൾ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നുണ്ട്. ജമ്മു നഗരത്തിലെ പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നാണ് സുൻജ്‍വാൻ സൈനികത്താവളം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം