ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്ന് തമിഴ്നാട് ഗവർണർ; ഗവർണറും ബിജെപിയും സംസ്ഥാനത്തെ അവഹേളിച്ചെന്ന് ഡിഎംകെ
തമിഴ് ഭാഷയെയും സംസ്കാരത്തെയും എതിർത്ത് ഗവർണർ സംസാരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന അഭിപ്രായം സംസ്ഥാന ബിജെപിയിൽ തന്നെ ഒരു വിഭാഗത്തിനുണ്ട്
ചെന്നൈ: ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്നും ദേശവിരുദ്ധരാണെന്നുമുള്ള ആരോപണവുമായി ബിജെപി. എന്നാൽ തമിഴ് ഭാഷയെ അപമാനിച്ച ഗവർണറും ബിജെപിയും സംസ്ഥാനത്തെ അവഹേളിച്ചെന്നാണ് ഡിഎംകെയുടെ മറുപടി. നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കാതെ ഗവർണർ ആർ എൻ രവി മടങ്ങിയതിന് പിന്നാലെയാണ് പുതിയ പോര്‍മുഖം തുറന്നത്.
തമിഴ് ഭാഷയോടുള്ള ആദരം വ്യക്തമാക്കുന്ന തമിഴ് തായ് വാഴ്ത്തും ഗാനം ചൊല്ലിയാണ് തമിഴ്നാട്ടിൽ എല്ലാ ചടങ്ങുകളും തുടങ്ങുന്നത്. വർഷങ്ങളായി നിയമസഭയിലും പിന്തുടരുന്ന കീഴ്വഴക്കമാണിത്. സംസ്ഥാന ഗാനത്തിന് പകരം തന്‍റെ പ്രസംഗത്തിന് മുൻപ് ദേശീയ ഗാനം ആലപിക്കണമെന്നാണ് ഗവർണർ ആർ എൻ രവി ആവശ്യപ്പെട്ടത്. ആർ എൻ രവിയുടെ ആവശ്യം തള്ളിയ സർക്കാർ ദേശീയ ഗാനത്തെ അവഹേളിച്ചെന്നാണ് ബിജെപിയുടെ ആരോപണം.
എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയുള്ള പതിവ് ദേശീയ ഗാനത്തിന് കാത്തുനിൽക്കാതെ ഗവർണർ ഇറങ്ങിപ്പോയതോടെ ബിജെപി വാദത്തിന്‍റെ മുനയൊടിഞ്ഞെന്നാണ് ഡിഎംകെ സഖ്യത്തിന്‍റെ മറുപടി. 'ഗാന്ധിജിയെ വധിച്ച സവർക്കറേക്കാൾ ദേശസ്നേഹം ഞങ്ങൾക്കുണ്ട്' എന്നാണ് ജവഹിറുള്ള എംഎൽഎ പറഞ്ഞത്.
അതേസമയം തമിഴ് ഭാഷയെയും സംസ്കാരത്തെയും എതിർത്ത് ഗവർണർ സംസാരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന അഭിപ്രായം സംസ്ഥാന ബിജെപിയിൽ തന്നെ ഒരു വിഭാഗത്തിനുണ്ട്. ഗവർണറുടെ പുതിയ നിലപാട് ബിജെപി ഏറ്റെടുക്കുന്നത് ഡിഎംകെയ്ക്ക് നേട്ടമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
നയപ്രഖ്യാപനത്തിനിടെ നാടകീയ രംഗങ്ങള്‍
ഗവർണർ നയപ്രഖ്യാപന പ്രസംഗം വായിക്കാൻ വിസമ്മതിച്ചതോടെ, തമിഴ്നാട് നിയമസഭയിൽ ഇന്നലെ നാടകീയ രംഗങ്ങളുണ്ടായി. ഗവർണറെ സഭയിൽ ഇരുത്തി, സ്പീക്കർ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ തമിഴ് പരിഭാഷ വായിച്ചു. കേന്ദ്രസർക്കാരിനെ സ്പീക്കർ വിമർശിച്ചതിൽ ക്ഷുഭിതനായി ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനത്തിനു പോലും കാത്തുനില്‍ക്കാതെയാണ് ഗവര്‍ണര്‍ സഭ വിട്ടത്.
നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും വസ്തുതാ വിരുദ്ധമാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനം കേള്‍പ്പിക്കണമെന്ന തന്‍റെ അഭ്യർത്ഥന നിരാകരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പ് സംസ്ഥാന ഗാനവും അതിന് ശേഷം ദേശീയ ഗാനവും ആലപിക്കുന്ന പാരമ്പര്യമാണ് തമിഴ്‌നാട് നിയമസഭ പിന്തുടരുന്നതെന്ന് ഗവർണറുടെ വിമര്‍ശനത്തിന് മറുപടിയായി സ്പീക്കര്‍ പറഞ്ഞു. പിഎം കെയർ ഫണ്ടിൽ നിന്ന് 50,000 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസം അനുവദിക്കാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷവും ഗവർണര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ വായിക്കാതെ വിട്ടിരുന്നു. പെരിയാർ, ബി ആർ അംബേദ്കർ, കെ കാമരാജ്, സി എൻ അണ്ണാദുരൈ, കെ കരുണാനിധി തുടങ്ങിയ നേതാക്കളെ പരാമർശിക്കുന്ന ഭാഗമാണ് അദ്ദേഹം വായിക്കാതെ വിട്ടത്. ബിജെപി വക്താവിനെപ്പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നും ബില്ലുകളില്‍ ഒപ്പുവെയ്ക്കുന്നില്ലെന്നും സര്‍ക്കാര്‍ വിമര്‍ശിക്കുകയുണ്ടായി. വിഷയം സുപ്രിം കോടതിയിലും എത്തി. ഗവർണർ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചു പ്രവർത്തിക്കണമെന്ന് കോടതി വിധിച്ചു. തുടർന്ന് ചില ബില്ലുകൾ ഗവർണർ പാസാക്കുകയുണ്ടായി.