'സബ്കാ സാഥ് ' മുദ്രാവാക്യം ഇനി ബിജെപിക്ക് വേണ്ടെന്ന് സുവേന്ദു അധികാരി, വിവാദമായതോടെ തിരുത്ത്
ന്യൂനപക്ഷ മോർച്ച ഇനി പാർട്ടിയിൽ വേണ്ടെന്നും കൊൽക്കത്തയിലെ ബിജെപി നിർവാഹക സമിതി യോഗത്തില്‍ ആവശ്യം
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്കാ സാഥ് സബ്കാ വികാസ് മുദ്രാവാക്യം ഇനി ബിജെപിക്ക് വേണ്ടെന്ന് പശ്ചിമബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. പകരം ആരാണോ ഞങ്ങൾക്കൊപ്പം അവർക്കൊപ്പം നമ്മൾ എന്നായിരിക്കണം ഇനി മുദ്രാവാക്യം. ന്യൂനപക്ഷ മോർച്ച ഇനി പാർട്ടിയിൽ വേണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു. കൊൽക്കത്തയിൽ നടന്ന ബിജെപി നിർവാഹക സമിതി യോഗത്തിലാണ് പരാമർശം.
പ്രസ്താവന വിവാദമായതിന് പിന്നാലെ വിശതീകരണവുമായി സുവേന്ദു അധികാരി. രംഗത്തെത്തി.തന്റെ പ്രസ്താവന വളച്ചൊടിച്ചു.പ്രധാനമന്ത്രിയുടെ മുദ്രാവാക്യത്തെ എല്ലാ അർത്ഥത്തിലും ഉൾക്കൊള്ളുന്നു.ദേശീയവാദികളായവർക്കൊപ്പം നമ്മളുണ്ടാകണമെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ഉത്തർ പ്രദേശ് ബിജെപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പടയൊരുക്കം. യോഗിക്കെതിരെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടക്കമുള്ള നേതാക്കൾ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചു. സംസ്ഥാന നേതൃത്ത്വത്തിൽ അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ യോഗി മന്ത്രിമാരുടെ യോഗം വിളിച്ചു.