Asianet News MalayalamAsianet News Malayalam

കട വാടകയ്ക്ക് എടുത്ത് തുടങ്ങിയത് എസ്ബിഐയുടെ വ്യാജ ശാഖ, ജീവനക്കാരെ നിയമിച്ച് ഒറിജനൽ പോലെ പ്രവ‍ർത്തനവും

വ്യാജ ബ്രാഞ്ചിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പോലും തങ്ങൾ തട്ടിപ്പിന് ഇരയാവുകയാണെന്ന് അറിഞ്ഞില്ല. നല്ല ജോലി കിട്ടിയ സന്തോഷത്തിലായിരുന്നു അവരും.

Started a full fledged branch of SBI with all original look like set up and recruited staff by accepting money
Author
First Published Oct 3, 2024, 3:04 PM IST | Last Updated Oct 3, 2024, 3:04 PM IST

റായ്പൂർ: പലതരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളും വ്യാജരേഖ ചമയ്ക്കലുമൊക്കെ കാണാറുണ്ടെങ്കിലും അതിനെയൊക്കെ കവച്ചുവെയ്ക്കുന്ന പുതിയൊരു സംഭവമാണ് കഴിഞ്ഞദിവസം ഛത്തീസ്ഗഡിൽ കണ്ടെത്തിയത്. ഒരു സിനിമാ കഥ പോലെ തോന്നുമെങ്കിലും കൃത്യമായി പ്ലാൻ ചെയ്ത് ആസൂത്രിതമായി നടപ്പാക്കിയ വൻ തട്ടിപ്പാണ് ഇടയ്ക്ക് വെച്ച് അധികൃതരുടെ ഇടപെടലിൽ തകർന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ ഒരു വ്യാജ ശാഖ തന്നെയായിരുന്നു തട്ടിപ്പുകാർ ഒരു ഗ്രാമത്തിൽ തുടങ്ങിയത്.

സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്ന് ഏതാണ്ട് 250 കിലോമീറ്റർ അകലെ ശക്തി ജില്ലയിലുള്ള ഛപ്പോര ഗ്രാമത്തിലാണ് വ്യാജ ബാങ്ക് ശാഖ തുറന്നത്. ഇവിടേക്ക് കഥയൊന്നുമറിയാതെ ആറ് പേരെ ജോലിക്ക് നിയമിക്കുകയും ചെയ്തു. ഇവർക്കെല്ലാം വേണ്ടി വ്യാജ പരിശീലന സെഷനുകളടക്കം ഒറിജിനൽ പോലെ തോന്നിക്കുന്ന എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തു. തുറന്നിട്ട് പത്ത് ദിവസം മാത്രമേ പ്രവർത്തിക്കാൻ സാധിച്ചുള്ളൂവെങ്കിലും ഒറിജിനൽ സ്റ്റേറ്റ് ബാങ്ക് ശാഖകളിൽ ഉള്ളതുപോലുള്ള ഫർണിച്ചറുകളും ബാങ്കിന്റെ മുദ്രയുള്ള പേപ്പറുകളും കൗണ്ടറുകളുമെല്ലാം ഇവിടെയുണ്ടായിരുന്നു.

കഥയൊന്നുമറിയാതെ ബാങ്കിലെത്തിയിരുന്ന ഗ്രാമീണർ അവിടെ അക്കൗണ്ട് തുടങ്ങാനും ഇടപാടുകൾ നടത്താനുമൊക്കെ തുടങ്ങി. പുതിയ നല്ല ജോലി കിട്ടിയ സന്തോഷത്തിലായിരുന്നു ജീവനക്കാരും. ഇതിനിടെ എസ്ബിഐയുടെ ഉന്നത ഉദ്യോഗസ്ഥരും ചില പൊലീസ് ഉദ്യോഗസ്ഥരും അന്വേഷിച്ച് എത്തിയപ്പോഴാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. അതിലേക്ക് നയിച്ചതാവട്ടെ തൊട്ടടുത്ത ഗ്രാമത്തിലെ എസ്ബിഐ ശാഖാ മാനേജർക്ക് കിട്ടിയ ഒരു വിവരവും.  അന്വേഷണത്തിൽ ബാങ്ക് ശാഖ തന്നെ വ്യാജമാണെന്നും ജീവനക്കാരെ നിയമിച്ചത് വ്യാജ രേഖകൾ നൽകിയാണെന്നും കണ്ടെത്തി.

നാല് പേരാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരാൾ വ്യാജ ബ്രാഞ്ചിന്റെ മാനേജറായിരുന്നു. മാനേജർ, മാർക്കറ്റിങ് ഓഫീസർ, ക്യാഷ്യർ, കംപ്യൂട്ടർ ഓപ്പറേറ്റ‌ർ എന്നിങ്ങനെയുള്ള തസ്തികകളിൽ ജീവനക്കാരെ നിയമിച്ചു. ഇവർക്കെല്ലാം ബാങ്കിന്റെ മുദ്രയുള്ള ഒറിജിനൽ പോലെ തോന്നിപ്പിക്കുന്ന അപ്പോയിന്റ്മെന്റ് ലെറ്ററും നൽകി. എന്നാൽ ജോലിക്കായി രണ്ട് മുതൽ ആറ് ലക്ഷം രൂപ വരെ ഓരോരുത്തരിൽ നിന്ന് വാങ്ങിയെന്നും ഇവർ പറയുന്നു.

പ്രദേശത്ത് എസ്ബിഐയുടെ ഒരു ബാങ്കിങ് കിയോസ്കിനായി അപേക്ഷ നൽകിയിരുന്ന ഒരാൾക്ക് പെട്ടെന്ന് മുന്നറിയിപ്പൊന്നുമില്ലാതെ നാട്ടിൽ ഒരു ബാങ്ക് ശാഖ തന്നെ വന്നപ്പോൾ അമ്പരപ്പായി. ഇയാളാണ് തൊട്ടടുത്ത ഗ്രാമത്തിലെ യഥാർത്ഥ ശാഖയിലെ മാനേജറെ വിവരം അറിയിച്ചത്. അന്വേഷിച്ചപ്പോൾ ജീവനക്കാർക്ക് കാര്യമായ വിവരമില്ല. ബാങ്കിന്റെ ബ്രാഞ്ച് കോഡ് എവിടെയും പ്രദർശിപ്പിച്ചിട്ടുമില്ല. ഈ സംശയമാണ് തട്ടിപ്പ് പുറത്തുവരാൻ കാരണം.

7000 രൂപയ്ക്ക് കടമുറികൾ വാടകയ്ക്ക് എടുത്തായിരുന്നത്രെ വ്യാജ ശാഖ സജ്ജീകരിച്ചത്. യഥാർത്ഥ ബാങ്കിലേത് പോലെ ഫർണിച്ചറുകളും മറ്റെല്ലാ ഉപകരണങ്ങളും സജ്ജീകരിച്ചു. ജീവനക്കാർക്ക് 30,000 രൂപ മുതൽ ശമ്പളം വാഗ്ദാനം ചെയ്തു. ബാങ്ക് ശരിയായി പ്രവർത്തനം തുടങ്ങിയ ശേഷം വായ്പകൾക്ക് അപേക്ഷ നൽകാനും പണം നിക്ഷേപിക്കാനുമൊക്കെ കാത്തിരിക്കുകയായിരുന്നത്രെ ഗ്രാമീണരിൽ പലരും. പത്ത് ദിവസം കൊണ്ട് പൂട്ടിക്കാൻ സാധിച്ചതു കൊണ്ടുതന്നെ നിരവധിപ്പേർ കെണിയിൽ വീഴാതെ രക്ഷപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios