മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, നീതിക്കായി പോരാടിയ അമ്മയും മരിച്ചു, 12 വർഷം കോടതിയിൽ വരാതെ അന്വേഷണ ഉദ്യോഗസ്ഥൻ
കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാതെ കേസ് അവസാനിപ്പിക്കാൻ സാധിക്കാതെ വന്നതിന് പിന്നാലെ, കോടതിയിൽ നിന്ന് നീതി പ്രതീക്ഷിച്ചിരുന്ന വിമലാ ദേവി മരണത്തിന് കീഴടങ്ങി. ഈ സമയത്ത് കോടതി നിർദ്ദേശിച്ച നഷ്ടപരിഹാരം പോലും ഇവർക്ക് ലഭ്യമായിരുന്നില്ല.
ഭോപ്പാൽ: വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണയ്ക്ക് 12 വർഷത്തിലേറെയായി പൊലീസ് ഉദ്യോഗസ്ഥൻ ഹാജരാകാതെ വന്നതോടെ മധ്യപ്രദേശ് പൊലീസിന് ഒരു ലക്ഷം രൂപ പിഴയുമായി ഹൈക്കോടതി. 2007ൽ മകൻ മരിച്ച ഏറ്റുമുട്ടൽ പൊലീസിന്റെ വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് കൊല്ലപ്പെട്ടവരിൽ ഒരാളുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. പരാതിയുമായി എത്തിയ യുവാവിന്റെ അമ്മ രോഗബാധിതയായി മരിച്ച ശേഷമാണ് കോടതി നടപടിയെത്തുന്നത്. വിമല ദേവി എന്ന 56കാരിയാണ് ദാബ്ര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി എത്തിയത്.
വിമല ദേവി പരാതിയിൽ വിശദമാക്കിയത് ഇങ്ങനെയായിരുന്നു...
2005 ഏപ്രിൽ 22 ന് തന്റെ മൂന്ന് ആൺമക്കളെ പൊലീസ് പിടിച്ചുകൊണ്ടുപോയി. ഏപ്രിൽ 27ന് രണ്ട് മക്കളെ വിട്ടയച്ച പൊലീസ്, മൂന്നാമത്തെ മകനെ അന്യായമായി കസ്റ്റഡിയിൽ വച്ചു. പിന്നീട് 2007ൽ പത്രവാർത്തയിലൂടെയാണ് മകൻ ഖുഷാലി രാമിന്റെ മരണം ഇവർ അറിയുന്നത്. പിടികൂടിയാൽ പ്രതിഫലം ലഭിക്കുന്ന കൊള്ളക്കാരനും മറ്റൊരു കൊള്ളക്കാരനും പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു വാർത്ത. മകന്റെ പേര് കാലിയ എന്ന ബ്രിജ്കിഷോർ എന്ന പേരിലാണ് പൊലീസ് പത്രവാർത്തയിൽ വ്യക്തമാക്കിയിരുന്നത്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച വിമല ദേവി, അക്കാലത്തെ എസ് പി ആയിരുന്ന എം കെ മുഡ്ഗാലും മറ്റ് ഉദ്യോഗസ്ഥരുമാണ് വ്യാജ ഏറ്റുമുട്ടലിന് പിന്നിലെന്നായിരുന്നു പറഞ്ഞത്.
ഇവരുടെ പരാതിയിൽ ഏറ്റുമുട്ടലിൽ 2007ൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിൽ കാലിയ എന്ന ബ്രിജ്കിഷോർ ജാൻസിയിലെ ജയിലിൽ ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. വിചാരണക്കോടതി ഇതിന് പിന്നാലെ വിമലാ ദേവിക്ക് 20000 രൂപ നഷ്ടപരിഹാരമായി നൽകാൻ മധ്യപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കേസ് പരിഗണിച്ചിരുന്ന പ്രത്യേക കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വീരേന്ദ്ര കുമാർ മിശ്ര 2012 മുതൽ ഹാജരായിരുന്നില്ല. ഒടുവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ദാദിയ എസ് പി ആണ് ഇയാൾ. ഒന്നോ രണ്ട് ദിവസം കോടതിയിൽ ഹാജരാകാനുള്ള സമയം ലഭിച്ചിരുന്നില്ലെന്നാണ് വാദം. മിക്ക സമയത്തും ഡെപ്യൂട്ടേഷനിൽ ആയ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകാനും മനസ് കാണിച്ചിരുന്നില്ല. കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാതെ കേസ് അവസാനിപ്പിക്കാൻ സാധിക്കാതെ വന്നതിന് പിന്നാലെ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിച്ചിരുന്ന വിമലാ ദേവി ഒടുവിൽ മരണത്തിന് കീഴടങ്ങി. ഈ സമയത്ത് കോടതി നിർദ്ദേശിച്ച നഷ്ടപരിഹാരം പോലും ഇവർക്ക് ലഭ്യമായിരുന്നില്ല.
മകനെ കാണാതായ ഒരു സ്ത്രീയുടെ പരാതിക്ക് പൊലീസോ സംസ്ഥാനമോ നടപടി സ്വീകരിച്ചില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി സംസ്ഥാന പൊലീസിന് പിഴയിട്ടിരിക്കുന്നത്. ജസ്റ്റിസ് വിവേക് റസിയ, ജസ്റ്റിസ് കുമാർ വാണി എന്നിവരുടെ ബെഞ്ചിന്റേതാണ് തീരുമാനം. കോടതിയിൽ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥൻ 12 വർഷത്തെ കാലതാമസം വരുത്തിയത് അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും രൂക്ഷ വിമർശനത്തോടെ ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് വിമല ദേവിയുടെ അവകാശികൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കോടതി തള്ളി.
കങ്കണ റണാവത്തിന്‍റെ വിജയം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി; കോടതി നോട്ടീസ് അയച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം