പരിഹസിക്കുന്നവരോട് ഒന്നേ പറയാനുള്ളു; സുപ്രിയക്കൊപ്പമുള്ള ലോക്സഭ വീഡിയോ ട്രോളിയവർക്കെല്ലാം തരൂരിന്‍റെ മറുപടി
ലോക്സഭ സെഷനിടെ കുശലാന്വേഷണം നടത്തുന്ന തരൂർ എന്ന നിലയിലായിരുന്നു ട്രോളുകളിൽ പലതും പ്രത്യക്ഷപ്പെട്ടത്
ദില്ലി: സോഷ്യൽ മീഡിയയിൽ ശശി തരൂരിനോളം പ്രാധാന്യം ലഭിക്കുന്നവർ കുറവാണ്. ഇംഗ്ലീഷ് പ്രാവിണ്യത്തിന്‍റെ പേരിലും പ്രസംഗത്തിന്‍റെ പേരിലുമൊക്കെ അഭിനന്ദന ട്രോളുകളാണ് നിറയാറുള്ളതെങ്കിൽ ഇടയ്ക്ക് വിവാദ ട്രോളുകളും പ്രത്യക്ഷ പെടാറുണ്ട്. ഇക്കുറി തരൂരിന്‍റെതായി പ്രത്യക്ഷപ്പെട്ടത് പരിഹാസങ്ങൾ നിറഞ്ഞ ട്രോളുകളായിരുന്നു. ലോക്‌സഭ സെഷനിടെ ബഞ്ചിൽ താടി വച്ച് സുപ്രിയ സുലെയോട് സംസാരിക്കുന്ന തരൂരിന്‍റെ വീഡിയോ വിമർശന, പരിഹാസ ബുദ്ധിയോടെ സോഷ്യൽ മീഡിയയിൽ പലരും പ്രചരിപ്പിക്കുകയായിരുന്നു. ലോക്സഭ സെഷനിടെ കുശലാന്വേഷണം നടത്തുന്ന തരൂർ എന്ന നിലയിലായിരുന്നു ട്രോളുകളിൽ പലതും പ്രത്യക്ഷപ്പെട്ടത്. പക്ഷേ എല്ലാ ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി തരൂർ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
തരൂരിന്‍റെ മറുപടി
ഫാറൂഖ് അബ്ദുള്ള ലോക്സഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. അടുത്തതായി സംസാരിക്കേണ്ട സുപ്രിയ സുലെ എം പി ചില നയപരമായ കാര്യത്തിലെ സംശയം തിരക്കിയതാണ്. ഫാറുഖ് സാഹിബിന്‍റെ പ്രസംഗത്തെ ശല്യപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് ബഞ്ചിൽ താടിവച്ച് ചാഞ്ഞിരുന്ന് സുപ്രിയ പറഞ്ഞത് കേട്ടത്. അതിന്‍റെ വീഡിയോ ആണ് കുശലാന്വേഷണം എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. ഇത്തരം വീഡിയോകൾ ആസ്വദിക്കുന്നവർ ആസ്വദിച്ചോളു എന്നും അത് ഞങ്ങളുടെ ചിലവിൽ വേണ്ടെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.
ശശി തരൂരിനെ വിലക്കിയതെന്തിന്? കോൺഗ്രസ് പാർട്ടിയോട് ചോദ്യവുമായി പ്രകാശ് കാരാട്ട്
അതേസമയം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് കോൺഗ്രസ് നേതാക്കളെ വിലക്കിയതിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് നേരത്തെ രംഗത്തെത്തിയിരുന്നു. പാർട്ടി കോൺഗ്രസിൽ ശശി തരൂർ പങ്കെടുക്കേണ്ടിയിരുന്ന 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' എന്ന സെമിനാറിലായിരുന്നു കാരാട്ടിന്‍റെ വിമർശനം. കോൺഗ്രസ് വിലക്കിയിരുന്നില്ലെങ്കിൽ ശശി തരൂർ പങ്കെടുക്കേണ്ട സെമിനാറാണിതെന്ന് കാരാട്ട് ഓർമ്മിപ്പിച്ചു. കോൺഗ്രസ് പോലൊരു പാർട്ടിയാണ് ഇത് ചെയ്തത് എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും കോൺഗ്രസിൽ ജനാധിപത്യം ഉണ്ടോ എന്ന സുപ്രധാന ചോദ്യം ഇത് ഉയർത്തുന്നുവെന്നും കാരാട്ട് കൂട്ടിച്ചേർത്തിരുന്നു