കടകളിൽ കയറി ലക്ഷങ്ങൾ വിലയുള്ള ഗൃഹോപകരണങ്ങൾ വാങ്ങി, പണവും നൽകി; വൻചതിയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് വളരെ വൈകി
സാധനങ്ങൾ വാങ്ങി യുപിഐ വഴി പണം നൽകിയാണ് യുവാക്കൾ കടകളിൽ നിന്ന് ഇറങ്ങിയത്. എന്താണ് സംഭവിച്ചതെന്ന് മറ്റുള്ളവർക്ക് മനസിലായത് വളരെ വൈകി മാത്രം.
ഹൈദരാബാദ്: സാധാരണ ഉപഭോക്താക്കളെ പോലെ കടകളിലെത്തി സാധനം വാങ്ങുകയായിരുന്നു ഏതാനും യുവാക്കൾ. സാധനങ്ങൾ പരതി വേണ്ടത് തീരുമാനിച്ച ശേഷം ബില്ല് ചെയ്തു പണം കൊടുക്കാൻ ക്യാഷ് കൗണ്ടറിലെത്തിയപ്പോൾ യുപിഐ പേയ്മെന്റ് ആണെന്നാണ് ക്യാഷ്യറോട് പറഞ്ഞത്. ക്യു.ആർ കോഡ് കാണിച്ചുകൊടുത്തു. അത് സ്കാൻ ചെയ്തു. പണം കിട്ടിയതായുള്ള അറിയിപ്പും കടയിലെ ജീവനക്കാർക്ക് കിട്ടി. പിന്നാലെ സാധനങ്ങൾ കൊടുത്തുവിടുകയും ചെയ്തു.
എന്നാൽ വൻ തട്ടിപ്പാണ് നടന്നതെന്ന് മനസിലായത് ദിവസങ്ങൾക്ക് ശേഷം മാത്രമായിരുന്നു. അന്വേഷിച്ചപ്പോൾ ഒരേ ഗൃഹോപകരണ വിൽപന ശൃംഖലയുടെ പല ശാഖകളിൽ നിന്ന് ഇതേ സംഘം സാധനങ്ങൾ വാങ്ങിയെന്ന് മനസിലായി. ഏകദേശം നാല് കോടിയോളം രൂപയുടെ സാധനങ്ങൾ ഇങ്ങനെ വാങ്ങിക്കൂട്ടിയത്രെ. തട്ടിപ്പ് നടത്തിയ ശേഷം ഇവയെല്ലാം മറ്റുള്ളവർക്ക് വിറ്റ് പണം വാങ്ങുകയായിരുന്നു രീതി. ഹൈദരാബാദിലാണ് ഇതുവരെ കേട്ടിട്ടില്ലാത്ത ഇത്തരമൊരു തട്ടിപ്പ് വൻതോതിൽ അരങ്ങേറിയത്. സൈബറാബാദ്, ഹൈദരാബാദ്, രചകൊണ്ട പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷിച്ചു വന്നപ്പോൾ എല്ലാ സംഭവങ്ങളിലും ഒരേ രീതിയിൽ തന്നെയാണ് തട്ടിപ്പ് നടന്നതും.
കടകളിൽ വൻതുകയുടെ സാധനങ്ങൾ വാങ്ങിയ ശേഷം യുപിഐ വഴിയാണ് പണം നൽകുന്നതെന്ന് അറിയിച്ച ശേഷം കടയിലെ യുപിഐ സ്കാനറിന്റെ ചിത്രമെടുത്ത് രാജസ്ഥാനിലുള്ള തങ്ങളുടെ സംഘത്തിലെ മറ്റൊരാളിനാണ് അയച്ചുകൊടുത്തിരുന്നത്. ഇയാൾ പണം നൽകും. ശേഷം സംഘാംഗങ്ങൾ സാധനങ്ങളുമായി സ്ഥലം വിടും. തൊട്ടുപിന്നാലെ യുപിഐ ഇടപാട് നടത്തിയ ആൾ, ബാങ്കിന് പരാതി നൽകി റീഫണ്ട് ആവശ്യപ്പെടും. സാധരാണ ഗതിയിൽ ഇടപാടുകൾ പരാജയപ്പെടുമ്പോൾ റീഫണ്ടിനായി ബാങ്കിനെ സമീപിക്കാനുള്ള ഓപ്ഷനാണിത്. ബാങ്കിനെ വിശ്വസിപ്പിക്കുന്ന തരത്തിൽ വ്യാജ പരാതി നൽകുകയും അതിലൂടെ പണം റീഫണ്ട് ചെയ്ത് വാങ്ങുകയുമാണ് ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ സാധനങ്ങളുമായി സംഘം കടയിൽ നിന്നിറങ്ങി കുറച്ച് കഴിയുമ്പോൾ തന്നെ പണവും തിരികെ വാങ്ങും. കടയിൽ നിന്ന് കിട്ടിയ സാധനങ്ങൾ മറിച്ചു വിൽക്കുകയും ചെയ്യും.
പ്രമുഖ ഇലക്ട്രോണിക്സ് വ്യാപാര ശൃംഖലയായ ബജാജ് ഇലക്ട്രോണിക്സിന്റെ വിവിധ ഷോറൂമുകളാണ് തട്ടിപ്പ് സംഘം തെരഞ്ഞെടുത്തത്. അന്വേഷിച്ചെത്തിയപ്പോൾ 13 പേർ പിടിയിലായി. ഇവരിൽ നിന്ന് 1.72 ലക്ഷം രൂപ പണമായും 50 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും പിടിച്ചെടുത്തു. പിടിയിലായ എല്ലാവരും 20നും 25നും ഇടയിൽ പ്രായമുള്ളവരാണ്. ചിലർ ഹൈദരാബാദിലും മറ്റ് ചിലർ രാജസ്ഥാനിലും ഇരുന്നാണ് ഓപ്പറേഷൻ നടത്തിയിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം