എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് പിന്നിൽ കണ്ടെത്തി; യുപി മെഡിക്കൽ കോളേജിൽ പൊലീസ് പരിശോധ തുടങ്ങി
24 വയസുകാരനായ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി കാൽ വഴുതി താഴേക്ക് വീണ് മരിച്ചതോ അല്ലെങ്കിൽ ആരെങ്കിലും തള്ളിയിട്ടതാവാനോ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു.
ലക്നൗ: ഉത്തർപ്രദേശിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ദുരൂഹ സാഹചര്യത്തിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഷാജഹാൻപൂരിലെ വരുൺ അർജുൻ മെഡിക്കൽ കോളേജിലാണ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന കുശാഗ്ര പ്രതാപ് സിങിന്റെ (24) മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
ഗോരഖ്‍പൂർ സ്വദേശിയായ രണ്ടാം വർഷ വിദ്യാർത്ഥി കോളേജിലെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച കുട്ടിയെ മൃതദേഹം ഹോസ്റ്റലിന് പിന്നിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കോളേജ് അധികൃതർ പൊലീസിൽ വിവരമറിയിച്ചതായി പ്രിൻസിപ്പലായ റിട്ട. കേണൽ ഡോ. രവീന്ദ്ര നാഥ് ശുക്ല പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
മൂന്ന് നിലകളുള്ള ഹോസ്റ്റൽ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് കുട്ടി താമസിച്ചിരുന്നത്. കുട്ടി മുകളിലെ നിലകളിൽ ഏതിലെങ്കിലും നിന്ന് കാൽ വഴുതി താഴേക്ക് വീണതോ അല്ലെങ്കിൽ ആരെങ്കിലും ബോധപൂർവം തള്ളിയിട്ടതാവാനോ ഉള്ള സാധ്യതയുണ്ടെന്നാണ് പ്രാഥമികമായി മനസിലാവുന്നതെന്ന് പൊലീസ് സൂപ്രണ്ട് എസ് രാജേഷ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി അയച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം