രണ്ടാം ദേശിയ ജുഡീഷ്യൽ പേ കമ്മീഷൻ ശുപാർശ നടപ്പായില്ല, കേരളമടക്കം 21 സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ വിമർശനം
21 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ധനകാര്യ സെക്രട്ടറിമാരും നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു
ദില്ലി: ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച രണ്ടാം ദേശീയ ജുഡീഷ്യൽ പേ കമ്മീഷൻ ശുപാർശ നടപ്പാക്കാത്ത സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ വിമർശനം. സംസ്ഥാന സിവിൽ സർവീസുകാരുടെ ശമ്പളം സർക്കാരുകൾ പരിഷ്കരിച്ച് നടപ്പാക്കുമ്പോൾ, ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പള വർദ്ധനവ് പരിഗണിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കുറ്റപ്പെടുത്തി. കേരളം അടക്കം 21 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ധനകാര്യ സെക്രട്ടറിമാരും നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.
രണ്ടാം ദേശിയ ജുഡീഷ്യൽ പേ കമ്മീഷൻ ശുപാർശ നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് കേരളവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരിയിൽ നൽകിയ അപേക്ഷയിൽ 6 മാസത്തെ സമയം ആയിരുന്നു കേരളം തേടിയിരുന്നത്. എന്നാൽ കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജൂഡീഷ്യൽ ശമ്പളക്കമ്മീഷൻ ശുപാർശ നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമായി കണക്കാക്കി നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം