ബാങ്കിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കൊള്ള; ആറര ലക്ഷം കവർന്നു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ഫോണും കൈക്കലാക്കി
മുഖംമൂടി ധരിച്ചയാൾ നിരായുധനായ ബാങ്ക് ഗാർഡിനെയും മറ്റ് ഉദ്യോഗസ്ഥരെയും തോക്ക് ചൂണ്ടി ലോക്കറും ക്യാഷ് കൗണ്ടറും തുറന്ന് പണമെടുത്ത് തരാൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞു.
ഇംഫാൽ: പട്ടാപ്പകൽ തോക്കുമായെത്തി യൂകോ ബാങ്ക് (യുസിഒ) കൊള്ളയടിച്ചു. ആറര ലക്ഷത്തോളം രൂപ കവർന്നു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മൊബൈൽ ഫോണുകളും കൈക്കലാക്കി. മണിപ്പൂരിലെ കച്ചിംഗ് ബസാറിലെ യൂകോ ബാങ്കിന്‍റെ ശാഖയിലാണ് കവർച്ച നടന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ചയാൾ നിരായുധനായ ബാങ്ക് ഗാർഡിനെയും മറ്റ് ഉദ്യോഗസ്ഥരെയും തോക്ക് ചൂണ്ടി ലോക്കറും ക്യാഷ് കൗണ്ടറും തുറന്ന് പണമെടുത്ത് തരാൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. തുടർന്ന് പണവുമെടുത്ത് മോഷ്ടാവ് ഓടിപ്പോയി.
മണിപ്പൂരിൽ സംഘർഷ ബാധിത പ്രദേശത്തെ ബാങ്കിലാണ് മോഷണം നടന്നത്. കഴിഞ്ഞ മെയിൽ സംഘർഷം തുടങ്ങിയ ശേഷമുള്ള അഞ്ചാമത്തെ സംഭവമാണിത്. നേരത്തെയും മുഖംമൂടി ധരിച്ചെത്തിയ സംഘം മണിപ്പൂരിൽ ബാങ്കുകൾ കൊള്ളയടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ശാഖയിൽ നിന്ന് 18.85 കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. ആക്‌സിസ് ബാങ്ക് ശാഖയിൽ നിന്ന് ഒരു കോടി രൂപ കവർന്ന സംഭവവുമുണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം