'നിങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു' ; ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
ഐഎസ്ആര്‍ഒ കേന്ദ്രത്തിലെത്തിയ കുട്ടികളുമൊത്ത് സംവദിച്ചപ്പോഴും വലിയ നേട്ടമാണ് രാജ്യം നേടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബെംഗലൂരു: ചാന്ദ്രയാന്‍-രണ്ടില്‍നിന്നുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ലെന്നും രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം ശാസ്ത്രജ്ഞരോട് പറഞ്ഞു. ഐഎസ്ആര്‍ഒ കേന്ദ്രത്തിലെത്തിയ കുട്ടികളുമൊത്ത് സംവദിച്ചപ്പോഴും വലിയ നേട്ടമാണ് രാജ്യം നേടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൗത്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി".
വിക്രം ലാന്‍ഡറില്‍നിന്നുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് കേന്ദ്രം ശോകമൂകമായി. പ്രതീക്ഷകളുമായെത്തിയ ശാസ്ത്ര സമൂഹം നിരാശയിലായി. എന്നാല്‍, ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഇടപെടല്‍. ശാസ്ത്ര സംഘത്തിന് സമീപത്തെത്തിയ പ്രധാനമന്ത്രി ഇത് വലിയ നേട്ടമാണെന്നും രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി. ദൗത്യം അവസാനിച്ചിട്ടില്ലെന്നും തുടരുമെന്നും അദ്ദേഹം ശാസ്ത്രജ്ഞരോട് പറഞ്ഞു.
ശേഷം ചോദ്യങ്ങളുമായെത്തിയ കുട്ടികളോടും പ്രധാനമന്ത്രി സംവദിച്ചു. ചെറിയ ചെറിയ നേട്ടങ്ങളിലൂടെയാണ് വലിയ വിജയങ്ങള്‍ നേടുകയെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. ശേഷം കുട്ടികളോടൊത്ത് ഫോട്ടോക്ക് പോസ് ചെയ്താണ് പ്രധാനമന്ത്രി മടങ്ങിയത്. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് രംഗത്തെത്തി.