'ശാസ്ത്രബോധം അന്ധവിശ്വാസം ഇല്ലാതാക്കും': യുവതലമുറക്ക് ശാസ്ത്രബോധം വളർത്തുക സർക്കാരിന്റെ ലക്ഷ്യമെന്ന് മോദി
'സമൂഹത്തിന്റെ ഉന്നതിക്ക് ശാസ്ത്രനേട്ടങ്ങൾ ഉപയോഗിക്കണമെന്നും മോദി. അന്താരാഷ്ട്ര ശാസ്ത്രമേളക്ക് കൊൽക്കത്തയിൽ തുടക്കം.
കൊൽക്കത്ത: ശാസ്ത്രബോധം അന്ധവിശ്വാസം ഇല്ലാതെയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിന്റെ ഉന്നതിക്ക് ശാസ്ത്രനേട്ടങ്ങൾ ഉപയോഗിക്കണം. യുവ തലമുറക്ക് ശാസ്ത്രബോധം വളർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാമത് ഇന്ത്യൻ അന്താരാഷ്ട്ര ശാസ്ത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 28 വിഭാഗങ്ങളിലായി നടക്കുന്ന മേള വെള്ളിയാഴ്ച്ച സമീപിക്കും.
സമൂഹത്തിന്റെ പുരോഗതിക്ക് ശാസ്ത്രവും ഗവേഷണവും കണ്ടുപിടുത്തങ്ങളും അനിവാര്യമാണ്. കർഷകർക്ക് കൃഷിയിൽ ഉപയോഗപ്രദമായ രീതിയിൽ കണ്ടുപിടുത്തങ്ങൾ വരണം. എല്ലാ വിഭാഗത്തിലുള്ള ആളുകൾക്ക് ശാസ്ത്രം നേട്ടങ്ങളുടെ ഗുണം കിട്ടണം. നമ്മൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്ന ഗവേഷണങ്ങൾ വരണം. ശാസ്ത്രത്തിൽ പരാജയം എന്നില്ല, നിരന്തര പരീക്ഷണ നീരീക്ഷണങ്ങൾ വഴി ശരിയായത് കണ്ടെത്തുകയാണ്' എന്നും നരേന്ദ്രമോദി പറഞ്ഞു.
വീഡിയോ കോൺഫറൻസിങിലൂടെ ആണ് പ്രധാനമന്ത്രി അന്താരാഷ്ട്ര ശാസ്ത്രമേള ഉദ്ഘാടനം ചെയ്തത്. രാജ്യം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം തേടാൻ ശാസ്ത്ര ഗവേഷണങ്ങൾക്ക് സാധിക്കുമെന്ന് കേന്ദ്രമന്ത്രി ഹർഷ വർധനും പറഞ്ഞു.
12000 പ്രതിനിധികളാണ് മേളയിൽ പങ്കെടുക്കുന്നത്. ശാസ്ത്ര പ്രദർശനം, സെമിനാറുകൾ, ചർച്ചകൾ, അവതരണങ്ങൾ തുടങ്ങിയവ മേളയുടെ ഭാഗമായി നടക്കും. കേരളത്തിൽ നിന്ന് അടക്കം ഗവേഷകരും വിദ്യാർത്ഥികളും മേളയിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കും. നാല് ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ സന്ദർശകരായി മാത്രം ആറ് ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്.