'എഡ്വിനക്കും ഐൻസ്റ്റീനുമടക്കം നെഹ്റു എഴുതിയ കത്തുകള്‍ കൈമാറണം'; രാഹുലിനോട് കേന്ദ്രത്തിന്റെ അഭ്യർഥന
നെഹ്‌റുവിൻ്റെ പൈതൃകത്തെ ആദരിക്കുന്നതിനും ആധുനിക ഇന്ത്യൻ ചരിത്രപഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അദ്ദേഹത്തിൻ്റെ മുൻ വസതിയായ ദില്ലിയിലെ തീൻ മൂർത്തി ഭവനിലാണ് എൻഎംഎംഎൽ ആയി സ്ഥാപിച്ചത്.
ദില്ലി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ കത്തുകളുടെ ശേഖരം തിരികെ നൽകണമെന്ന് പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചു. 2008-ൽ അന്നത്തെ യുപിഎ ചെയർപേഴ്സണായിരുന്ന സോണിയാ ഗാന്ധിയുടെ അഭ്യർഥന പ്രകാരമാണ് കത്തുകൾ പൊതു ശേഖരത്തിൽ നിന്ന് നീക്കി, സ്വകാര്യമായി സൂക്ഷിക്കാൻ അനുമതി നൽകിയത്. 1971-ൽ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ടിന് നല്‍കിയ ശേഖരത്തില്‍ 20-ആം നൂറ്റാണ്ടിലെ ചില പ്രമുഖ വ്യക്തികളുമായി നെഹ്‌റു നടത്തിയ വ്യക്തിഗത കത്തിടപാടുകൾ അടങ്ങിയ 51 പെട്ടികൾ ഉൾപ്പെട്ടിരുന്നു. ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ, എഡ്വിന മൗണ്ട് ബാറ്റൺ, പത്മജ നായിഡു, വിജയ ലക്ഷ്മി പണ്ഡിറ്റ്, അരുണ ആസഫ് അലി, ബാബു ജഗ്ജീവൻ റാം എന്നിവരുമായുള്ള കത്തുകളും അവയിൽ ഉൾപ്പെടുന്നു.
രേഖകൾ നെഹ്‌റു കുടുംബത്തിന് വ്യക്തിപരമായി പ്രാധാന്യമുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എന്നിരുന്നാലും, ഈ ചരിത്ര സാമഗ്രികൾ പണ്ഡിതന്മാർക്കും ഗവേഷകർക്കും വളരെയധികം പ്രയോജനം ചെയ്യുമെന്ന് പിഎംഎഎൽ വിശ്വസിക്കുന്നുവെന്നും കത്തുകൾ തിരിച്ചേൽപ്പിക്കാൻ സഹകരിക്കണമെന്നും രാഹുലിന് അയച്ച കത്തിൽ പറയുന്നു.
2024 സെപ്റ്റംബറിൽ ഗാന്ധിജിക്ക് അയച്ച കത്ത് തിരികെ നൽകാനോ ഡിജിറ്റലൈസ് ചെയ്യാനോ ആവശ്യപ്പെട്ടിരുന്നു. 2024 സെപ്റ്റംബറിൽ, പ്രധാനമന്ത്രിമാരുടെ മ്യൂസിയത്തിലെ നെഹ്‌റു ശേഖരത്തിൻ്റെ ഭാഗമായ ഏകദേശം എട്ട് വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള 51 കാർട്ടൂണുകൾ സ്ഥാപനത്തിലേക്ക് തിരികെ നൽകണമെന്ന് അഭ്യർത്ഥിച്ച് സോണിയാ ഗാന്ധിക്ക് കത്തെഴുതി. രേഖകൾ നൽകാനോ അവയെ ഡിജിറ്റലൈസ് ചെയ്യാനോ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സ്കാൻ ചെയ്ത പകർപ്പുകൾ നൽകിയാൽ അവ പഠിക്കാനും വിവിധ പണ്ഡിതന്മാർക്ക് ഗവേഷണം നടത്താനും കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ പിഎംഎംഎൽ സൊസൈറ്റിയിലെ 29 അംഗങ്ങളിൽ ഒരാളും ചരിത്രകാരനും എഴുത്തുകാരനുമായ റിസ്വാൻ കദ്രി പറഞ്ഞു.
നെഹ്‌റുവിൻ്റെ പൈതൃകത്തെ ആദരിക്കുന്നതിനും ആധുനിക ഇന്ത്യൻ ചരിത്രപഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അദ്ദേഹത്തിൻ്റെ മുൻ വസതിയായ ദില്ലിയിലെ തീൻ മൂർത്തി ഭവനിലാണ് എൻഎംഎംഎൽ ആയി സ്ഥാപിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, എല്ലാ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെയും സംഭാവനകളെ അംഗീകരിക്കുന്നതിനായി എൻഎംഎംഎൽ പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറി എന്ന് പുനർനാമകരണം ചെയ്തു.
Read More... സംഭാലിലെ ക്ഷേത്രക്കിണറ്റിൽ നിന്നും 3 വിഗ്രഹങ്ങൾ കണ്ടെത്തി, കാർബൺ ഡേറ്റിങ് ആവശ്യപ്പെട്ട് എഎസ്ഐക്ക് കത്ത്
1971 മുതൽ ഇന്ദിരാഗാന്ധി നെഹ്‌റുവിൻ്റെ വ്യക്തിപരമായ കത്തുകളുടെ ഒരു ശേഖരം കൈമാറി.1984-ൽ ഇന്ദിരാഗാന്ധിയുടെ മരണശേഷം സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള പ്രധാനമന്ത്രി നെഹ്‌റുവിൻ്റെ അനന്തരാവകാശികൾക്ക് കത്തുകളുടെ ഉടമസ്ഥാവകാശം നിലനിന്നിരുന്നുവെന്ന് പിഎംഎംഎൽ അവകാശപ്പെടുന്നു. ഈ കത്തുകൾ ലഭിക്കുന്നതിന് സോണിയാ ഗാന്ധിയുടെ വ്യക്തിപരമായ അനുമതി ആവശ്യമാണെന്ന് 1988 ലെ ഒരു കത്തിൽ പറയുന്നു.