കുടുംബത്തിൽ വിഷമങ്ങളുണ്ടാകുമ്പോൾ മാത്രമല്ല സന്തോഷാവസരങ്ങളിലും പരോൾ നൽകാമെന്ന് ബോംബെ ഹൈക്കോടതി

മാനുഷികമായ സമീപനം പരോൾ നൽകുന്നതിൽ പാലിക്കണമെന്നും കോടതി. വിഷമം ഒരു വികാരമാണ് അതുപോലെ തന്നെയാണ് സന്തോഷമെന്നും കോടതി

parole be granted for the convict to share happy moments with family like the travelling of his child to some other country for studies says mumbai high court

മുംബൈ: കുടുംബത്തിൽ വിഷമങ്ങളുണ്ടാകുമ്പോൾ മാത്രമല്ല സന്തോഷാവസരങ്ങളിലും പരോൾ നൽകാമെന്ന് ബോംബെ ഹൈക്കോടതി. കൊലപാതകക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന വിവേക് ശ്രീവാസ്തവയുടെ ഹർജിയിലാണ് കോടതിയുടെ പരാമർശം. വിദേശത്ത് പഠിക്കാൻ പോവുന്ന മകനെ യാത്രയാക്കാൻ പരോൾ ആവശ്യപ്പെട്ടായിരുന്നു കൊലപാതക്കേസ് പ്രതിയുടെ ഹർജി.

ഓസ്ട്രേലിയയിലെ സർവ്വകലാശാലയിലാണ് വിവേക് ശ്രീവാസ്തവയുടെ മകന് അഡ്മിഷൻ ലഭിച്ചത്. ജൂലൈ 22നാണ് മകൻ വിദേശത്തേക്ക് യാത്ര പുറപ്പെടുന്നതെന്നും മകനെ യാത്ര അയയ്ക്കാൻ പരോൾ അനുവദിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ജസ്റ്റിസ് ഭാരതി ഡംഗ്രി, മഞ്ജുഷ ദേശ്പാണ്ഡേ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തടവ് പുള്ളിക്ക് മാനസികാരോഗ്യം ഉറപ്പാക്കുന്നതിനും  ഭാവിയേക്കുറിച്ച് പ്രതീക്ഷ പുലർത്തുന്നതിനും ജീവിതത്തോടുള്ള താൽപര്യം നിലനിർത്തുന്നതിനുമാണ് ബന്ധുക്കളോടൊപ്പം സമയം ചെലവിടുന്നതിനായാണ് പരോൾ വ്യവസ്ഥകളെന്നും കോടതി വിശദമാക്കി. 

മാനുഷികമായ സമീപനം പരോൾ നൽകുന്നതിൽ പാലിക്കണമെന്നും കോടതി വിശദമാക്കി. അടുത്ത ബന്ധുവിന്റെ മരണത്തിന് 7 ദിവസം, വിവാഹത്തിന് 4 ദിവസം, ഗുരുതര അസുഖ ബാധ, പ്രസവം എന്നിവയ്ക്ക് 4 ദിവസവുമാണ് പരോൾ അനുവദിക്കുന്നതാണ് ചട്ടമെന്ന് വിശദമാക്കിയ ശേഷമായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. 9 വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷമാണ് പരാതിക്കാരൻ പരോൾ ആവശ്യം ഉന്നയിച്ചത്. 

വിഷമം ഒരു വികാരമാണ് അതുപോലെ തന്നെയാണ് സന്തോഷമെന്നും കോടതി നിരീക്ഷിച്ചു. മകന്റെ ഉന്നത വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനും മകനെ യാത്രയാക്കാനായും പരോൾ അനുവദിക്കുന്നതിൽ എന്താണ് അപാകതയെന്നുമാണ് കോടതി ചോദിച്ചത്. ഇതിന് പിന്നാലെ 10 ദിവസത്തെ പരോളാണ് ഹർജിക്കാരന് കോടതി അനുവദിച്ചത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios