Omicron : ഒമിക്രോൺ വ്യാപനം; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം നീട്ടിവച്ചു

ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്തയാഴ്ച യുഎഇ സന്ദർശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി.

omicron diffusion pm modis visit to the uae has been postponed

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Modi)  യുഎഇ  (UAE) സന്ദർശനം നീട്ടിവച്ചു. ഒമിക്രോൺ (Omicron) വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്തയാഴ്ച യുഎഇ സന്ദർശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ജനുവരി ആറിന് യുഎഇ സന്ദര്‍ശിക്കാനുള്ള തീരുമാനമാണ് നീട്ടിയത്. വ്യാപാര  നിക്ഷേപ മേഖലകളില്‍ കൂടുതല്‍ സഹകരണം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന  അജണ്ടയിലുണ്ടായിരുന്നു. ദുബായ് എക്സ്പോ സന്ദര്‍ശിക്കാനും  പദ്ധതിയിട്ടിരുന്നു. സാഹചചര്യം മെച്ചപ്പെട്ടാല്‍ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിച്ചേക്കുമെന്നാണ്  കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 738 ആയതോടെ സംസ്ഥാനങ്ങൾ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്.  ദില്ലിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഇവിടെ ഭാഗിക ലോക്ഡൗൺ നിലവില്‍ വന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍  പ്രധാനമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു. 

238 പേർക്കാണ് ഇതുവരെ ദില്ലിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകളിൽ ഒറ്റ ദിവസം കൊണ്ട് 50 ശതമാനം വർധനയുണ്ടായി. ദശാംശം രണ്ട് ശതമാനത്തിൽ നിന്ന് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിനടുത്തെത്തി. ദില്ലി കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത്, മിസോറാം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്. മുംബൈയിൽ മാത്രം കേസുകളിൽ 70 ശതമാനം വർധനയുണ്ടായതോടെ ബിഎംസി ജാഗ്രത നിര്‍ദ്ദേശം നൽകി. ഗുജറാത്തിൽ ജൂണിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഒരാഴ്ചയ്യായി ബിഹാറിലും രോഗികളുടെ എണ്ണം കൂടുകയാണ്. പത്തിലധികം സംസ്ഥാനങ്ങൾ ഇതിനോടകം രാത്രി കാല കർഫ്യൂ ഏർപ്പെടുത്തി. പഞ്ചാബിലും ഹരിയാനയിലും അടുത്ത മാസം മുതൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാത്തവർക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി. .

ഒമിക്രോണ്‍ സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റണോയെന്നത് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഉത്തര്‍പ്രദേശില്‍ തുടരുകയാണ്. 75 ജില്ലകളിലെ കളക്ടര്‍മാരുമായും, പോലീസ് മേധാവിമാരുമായും കമ്മീഷന്‍  ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കേണ്ടെന്നാണ്  ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടത്. നാളെ ഉച്ചക്ക് വാര്‍ത്ത സമ്മളനം നടത്തുന്ന കമ്മീഷന്‍ വൈകുന്നേരത്തോടെ ദില്ലിക്ക് മടങ്ങും. കേന്ദ്രസര്‍ക്കാരിന്‍റെ കൂടി നിലപാട് അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം.,
 

Latest Videos
Follow Us:
Download App:
  • android
  • ios