ആംബുലൻസിന് പണമില്ല, ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകൾ നടന്ന് യുവാവ്; രക്ഷകരമായി പൊലീസ്
മൃതദേഹം ചുമലിലേറ്റി നടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വാഹന സൗകര്യമൊരുക്കി.
വിശാഖപ്പട്ടണം: ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്ററുകൾ നടന്ന യുവാവിന് ഒടുവിൽ രക്ഷകരായി പൊലീസ്. ഒഡിഷ സ്വദേശിയായ 32കാരനാണ് ആംബുലൻസ് വിളിക്കാൻ പണമില്ലാത്തതിനെ തുടർന്ന് ഭാര്യയുടെ മൃതദേഹം ചുമലിലേറ്റിയത്. മൃതദേഹം വീട്ടിലെത്തിക്കാൻ ഓട്ടോ ഡ്രൈവർ വിസ്സമ്മതിച്ചതിനെ തുടർന്നാണ് ഇയാൾ മൃതദേഹം ചുമലിലേറ്റിയത്. മൃതദേഹം ചുമലിലേറ്റി നടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വാഹന സൗകര്യമൊരുക്കി.
ഒഡിഷ സ്വദേശിയായ എഡെ സാമലു കഴിഞ്ഞ ദിവസമാണ് ഭാര്യയെ വിശാഖപ്പട്ടണത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്ക് പ്രതികരിക്കാതായതോടെ ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. 130 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് ഭാര്യയെ എത്തിക്കാൻ ഇയാൾ ഓട്ടോ വിളിച്ചു. എന്നാൽ പകുതിയെത്തിയതോടെ ഭാര്യ മരിച്ചു.
മലയാളി റസ്റ്റോറന്റ് ഉടമയെ സ്‍കോട്‍ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തുടർന്ന് യാത്ര ചെയ്യാൻ ഓട്ടോ ഡ്രൈവർ വിസ്സമ്മതിച്ചതോടെ കൈയിലുള്ള 2000 രൂപ നൽകിയ ഇയാൾ ഭാര്യയുടെ മൃതദേഹവുമായി പുറത്തിറങ്ങി ചുമലിലേറ്റി നടക്കാൻ തുടങ്ങി. നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതോടെ പൊലീസെത്തി ആംബുലൻസിന് 10000 രൂപ സംഘടിപ്പിച്ച് നൽകി.