Asianet News MalayalamAsianet News Malayalam

എൻഐഎ ഉദ്യോ​ഗസ്ഥന്റെ ഇടപാട് ശരിയല്ല, ഒടുവിൽ സിബിഐ രം​ഗത്തിറങ്ങി, എൻഐഎ ഡിഎസ്പി കൈക്കൂലിയുമായി കൈയോടെ പിടിയിൽ

രാമയ്യ കൺസ്ട്രക്ഷൻ ഉടമയായ റോക്കി യാദവിനെതിരെ എൻഐഎ നടത്തിയ അന്വേഷണത്തിനിടെ എൻഐഎ പട്ന ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ അഴിമതി നടത്തിയതായി സിബിഐക്ക് വിവരം ലഭിച്ചിരുന്നു

NIA officer caught with Rs 20 lakh briber by cbi
Author
First Published Oct 4, 2024, 11:42 AM IST | Last Updated Oct 4, 2024, 11:51 AM IST

പട്‌ന: വൻതുക കൈക്കൂലി വാങ്ങിയ കേസിൽ എൻഐഎ ഉന്നത ഉദ്യോ​ഗസ്ഥനെയും സഹായികളെയും സിബിഐയും എൻഐഎയും സംയുക്ത ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തു. എൻഐഎ പട്ന ബ്രാഞ്ച് ഡിഎസ്പിയെയും അദ്ദേഹത്തിൻ്റെ രണ്ട് ഏജൻ്റുമാരെയുമാണ് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് പിടികൂടിയത്. കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ്റെ അഴിമതി സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടർന്നാണ് സിബിഐയും എൻഐഎയും കെണിയൊരുക്കിയത്.

രാമയ്യ കൺസ്ട്രക്ഷൻ ഉടമയായ റോക്കി യാദവിനെതിരെ എൻഐഎ നടത്തിയ അന്വേഷണത്തിനിടെ എൻഐഎ പട്ന ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ അഴിമതി നടത്തിയതായി സിബിഐക്ക് വിവരം ലഭിച്ചിരുന്നു. ആരോപണം പരിശോധിച്ച് എൻഐഎയുമായി ഏകോപിപ്പിച്ചാണ് സിബിഐ കെണിയൊരുക്കിയത്.

ഓപ്പറേഷനിൽ, കുറ്റാരോപിതനായ അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി എസ്പി അജയ് പ്രതാപ് സിങ്ങിനെയും അദ്ദേഹത്തിൻ്റെ രണ്ട് ഏജൻ്റുമാരെയും പരാതിക്കാരിയിൽ നിന്ന് അനധികൃതമായി 20 ലക്ഷം രൂപ തട്ടിയെടുക്കുന്നതിനിടെ സിബിഐ പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

അനധികൃത ആയുധക്കേസിൽ തന്നെയും കുടുംബത്തെയും കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് പരാതിക്കാരൻ  പറയുന്നത്. സെപ്റ്റംബർ 19 ന് പരാതിക്കാരനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തുകയും കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അജയ് പ്രതാപ് സിങ്ങിന് മുമ്പാകെ സെപ്റ്റംബർ 26 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ നിന്ന് രക്ഷപ്പെടാൻ 2.5 കോടിയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. മുൻകൂറായി 25 ലക്ഷം നൽകണമെന്നും ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.

25 ലക്ഷം രൂപ സെപ്റ്റംബർ 26ന് തന്നെ നൽകണമെന്ന് ആവശ്യപ്പെടുകയും ഇടനിലക്കാരൻ്റെ മൊബൈൽ നമ്പർ അടങ്ങിയ ഒരു കൈയ്യക്ഷര കുറിപ്പ് നൽകുകയും ചെയ്തു. പിന്നീട്, പരാതിക്കാരൻ 25 ലക്ഷം രൂപ ബീഹാറിലെ ഔറംഗബാദിൽ എത്തിയ ഇടനിലക്കാരന് നൽകി. ഒക്‌ടോബർ ഒന്നിന് സിംഗ് യാദവിനെ വീണ്ടും വിളിച്ചുവരുത്തി 70 ലക്ഷം രൂപ ആവശ്യപ്പെട്ടു.

ഒക്ടോബർ 3 ന് ഗയയിൽ പണം എത്തിക്കുമെന്ന് പരാതിക്കാരൻ ഉറപ്പുനൽകുകയും സംഭവത്തെ കുറിച്ച് സിബിഐയിലെ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തുടർന്ന് സിബിഐ ഒരുക്കിയ തിരക്കഥ പ്രകാരം കൈക്കൂലി സ്വീകരിക്കുമ്പോൾ കൈയോടെ പിടികൂടുകയായിരുന്നു. ഇടനിലക്കാരായ ഹിമാൻഷു, റിതിക് കുമാർ സിങ് എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തു.  

Latest Videos
Follow Us:
Download App:
  • android
  • ios