നീറ്റ് ചോദ്യപേപ്പർ ചോർച്ച: പട്ന എയിംസിലെ മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്തു, നിർണായക നീക്കവുമായി സിബിഐ

ഡോക്ടർമാരുടെ മുറികൾ സീൽ ചെയ്ത സിബിഐ അവരുടെ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

NEET UG 2024 paper leak crucial development three doctors from Patna AIIMS in CBI Custody their rooms sealed

ദില്ലി: നീറ്റ് യുജി പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട്  പട്ന എംയിസിലെ മൂന്ന് ഡോക്ടർമാർ കസ്റ്റഡിയിൽ.  സിബിഐയാണ് മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഡോക്ടർമാരുടെ മുറികൾ സീൽ ചെയ്ത സിബിഐ അവരുടെ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ കസ്റ്റഡിയിലെടുത്തവരുടെ വിശദാംശങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല. നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച 40ലധികം ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നിർണായക നീക്കം. 

ബിഹാറിലെ ഹസാരിബാഗിലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ട്രങ്കിൽ നിന്ന് നീറ്റ്-യുജി പേപ്പർ മോഷ്ടിച്ചെന്ന് ആരോപിച്ച് പങ്കജ് കുമാറിനെയും ഇയാളുടെ കൂട്ടാളി രാജു സിംഗിനെയും സിബിഐ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്തത്.  പങ്കജ് കുമാറിനെ പട്‌നയിൽ നിന്നും രാജു സിംഗിനെ ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നുമാണ് പിടികൂടിയത്.

അതേസമയം നീറ്റിൽ പുനഃപരീക്ഷയുണ്ടോ എന്ന് ഇന്നറിയാം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ എൻ ടി എ, കേന്ദ്രം എന്നിവർ നൽകിയ സത്യവാങ്മൂലം കക്ഷികൾക്ക് നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും പ്രാദേശികമായി മാത്രമാണ് പ്രശ്നങ്ങൾ എന്നാണ് കേന്ദ്ര വാദം. 

അതിനിടെ നീറ്റ് യു ജി കൗൺസിലിംഗിനായി നടപടി തുടങ്ങി. മെഡിക്കൽ സീറ്റുകൾ പോർട്ടലിൽ രേഖപ്പെടുത്താൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് കേന്ദ്രം. നീറ്റ് കൗൺസിലിംഗ് ജൂലായ് മൂന്നാം വാരം തുടങ്ങുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള പ്രാരംഭ നടപടികൾക്കാണ് മെഡിക്കൽ കൗൺസിംഗ് കമ്മറ്റി തുടക്കമിട്ടത്. യു ജി കൗൺസിലിംഗിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിൽ നിന്നാണ് കമ്മറ്റി വിശദാംശങ്ങൾ തേടിയത്. കമ്മറ്റി നൽകിയ നോട്ടീസ് അനുസരിച്ച് സ്ഥാപനങ്ങൾക്ക് ശനിയാഴ്ച്ച വരെ സീറ്റ് വിവരങ്ങൾ സൈറ്റിൽ നൽകാം. ഇത്തവണ നാലാം റൗണ്ട് വരെ അലോട്ട്മെന്റ് നടത്തി പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് നീക്കം.

സിബിഎസ്ഇ 12ാം ക്ലാസ് ബോർഡ് പരീക്ഷ രണ്ട് തവണ നടത്തിയേക്കും; മാറ്റം 2026 മുതൽ, മികച്ച മാർക്ക് സ്വീകരിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios