നീറ്റ് പരീക്ഷ ഇല്ലാതാക്കില്ല, രോഗം മാറാൻ പലതരം ചികിത്സ ചെയ്യുന്നതുപോലെ അപാകതകള്‍ പരിഹരിക്കും: ജെപി നദ്ദ
നിലവിലെ സംവിധാനത്തിലൂടെ സാധാരണ വിദ്യാർത്ഥികൾക്കുവരെ പഠനത്തിന് അവസരം ലഭിക്കുന്നുണ്ടെന്നും ജെപി നദ്ദ പറഞ്ഞു.
ദില്ലി: നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. ഒരു ശരീരത്തിന്‍റെ രോഗങ്ങൾ മാറ്റാനായി പലതരം ചികിത്സകൾ ചെയ്യുന്നത് പോലെ അപാകതകൾ പരിഹരിക്കും. എന്നാൽ, നീറ്റ് ഇല്ലാതാക്കില്ലെന്നും ജെപി നദ്ദ പറഞ്ഞു. നീറ്റ് പരീക്ഷ ചിട്ടയായ രീതിയിൽ രൂപപ്പെടുത്തിയ സംവിധാനമാണ്. ഈ സംവിധാനത്തെ തുരങ്കം വയ്ക്കരുത്.
നീറ്റ് നടപ്പാക്കുന്നതിന് മുൻപ് പിജി സീറ്റുകൾ 13 കോടി രൂപയ്ക്ക് വരെ വിൽക്കുന്ന തരത്തിൽ മെഡിക്കൽ വിദ്യാഭ്യാസം കച്ചവടവൽക്കരിക്കപ്പെട്ടിരുന്നു. നിലവിലെ സംവിധാനത്തിലൂടെ സാധാരണ വിദ്യാർത്ഥികൾക്കുവരെ പഠനത്തിന് അവസരം ലഭിക്കുന്നുണ്ടെന്നും നദ്ദ പറഞ്ഞു. ഡിഎംകെ എംപി മുഹമ്മദ് അബ്ദുള്ള അവതരിപ്പിച്ച സ്വകാര്യ ബില്ലിലെ ചർച്ചയിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു ജെ പി നദ്ദ.