വളർത്തുനായയെ തല്ലി അവശനിലയിലാക്കി, മരത്തിൽ കെട്ടിത്തൂക്കി, അമ്മയും മകനും അറസ്റ്റിൽ
ഒക്ടോബർ 22നാണ് അമ്മയും മകനും വളർത്തുനായയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവർ തന്നെ അയച്ച് നൽകിയ വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്
പൂനെ: വളർത്തുനായയെ മൃഗ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി. പിന്നാലെ നായകളെ സംരക്ഷിക്കുന്ന എൻജിഒയെ ബന്ധപ്പെട്ട് നായയെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. മറുപടി വൈകിയതോടെ വളർത്തുനായയെ ക്രൂരമായി തല്ലിക്കൊന്ന ശേഷം മരത്തിൽ കെട്ടിത്തൂക്കി ഉടമകൾ. ചിത്രങ്ങളും വീഡിയോകളും വൈറലായതിന് പിന്നാലെ അമ്മയും മകനും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.
പൂനെയിലെ മുൾസിയിലെ പിരാൻഗട്ടിലാണ് അമ്മയേയും മകനും അറസ്റ്റിലായിരിക്കുന്നത്. പ്രഭാവതി ജഗ്താപ് മകൻ ഓംകാർ ജഗ്താപ് എന്നിവരെയാണ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. നായയെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിലുള്ള വീഡിയോയും ചിത്രങ്ങളും വൈറലായതോടെ ശിവസേനാ നേതാവ് ആദിത്യ താക്കറേയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിന് പിന്നാലെ തന്നെ നായകൾക്ക് ഷെൽട്ടർ ഹോം ഒരുക്കുകയും മൃഗാവകാശ പ്രവർത്തകയായ പദ്മിനി സ്റ്റംപും പൊലീസിൽ പരാതി നൽകിയിരുന്നു.
ഒക്ടോബർ 22 ന് പ്രഭാവതി ലാബ്രഡോർ ഇനത്തിലുള്ള വളർത്തുനായയെ വടി കൊണ്ട് ക്രൂരമായി ആക്രമിക്കുകയും പിന്നാലെ മകൻ നായയെ മരത്തിൽ കെട്ടിത്തൂക്കി കൊല്ലുകയുമായിരുന്നു. മൃഗങ്ങൾക്കെതിരായ അതിക്രമത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പിപ്രിയിൽ പ്രവർത്തിക്കുന്ന നായകളുടെ ഷെൽട്ടർ ഹോമിലേക്ക് വിളിച്ച് നായയെ വീട്ടിൽ നിന്ന് കൊണ്ടുപോകണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതികരിക്കാൻ ശ്രമിച്ചപ്പോൾ തല്ലിക്കൊന്ന നായയുടെ ചിത്രമാണ് ഇവർ ഷെൽട്ടർ ഹോമിന് അയച്ച് നൽകിയത്.
നായയെ മൃഗാശുപത്രിയിലെത്തിച്ച് റാബീസ് അടക്കമുള്ളവ ഇവർ പരിശോധിച്ചിരുന്നു ഇതിന് പിന്നാലെയാണ് നായയെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നായയ്ക്ക് പേവിഷ ബാധയേറ്റെന്ന സംശയമാണ് വളർത്തുനായയെ ഇത്തരത്തിൽ കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം