മെട്രോ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത് 68 വയസുകാരൻ; ദില്ലി മെട്രോ സർവീസുകൾ അൽപനേരം തടസ്സപ്പെട്ടു
ദില്ലി മെട്രോ റെഡ് ലൈനിലാണ് അൽപ നേരം ഗതാഗത തടസ്സമുണ്ടായത്. സർവീസുകൾ പിന്നീട് പൂർവസ്ഥിതിയിലായതായി ദില്ലി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.
ന്യുഡൽഹി: ദില്ലി മെട്രോ ട്രെയിനിന് മുന്നിൽ ചാടി 68 വയസുകാരൻ ആത്മഹത്യ ചെയ്തു. റെഡ് ലൈനിൽ കശ്ഡമിരെ ഗേറ്റ് സ്റ്റേഷനിലായിരുന്നു സംഭവം. ചവാരി ബസാർ സ്വദേശിയായ സുനിൽ ഗുപ്ത എന്നയാളാണ് മരിച്ചതെന്ന് ദില്ലി പൊലീസ് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് റെഡ് ലൈനിൽ മെട്രോ ഗതാഗതം അൽപനേരം തടസ്സപ്പെട്ടു. മറ്റെല്ലാ ലൈനുകളിലും ഗതാഗതം തടസ്സം കൂടാതെ നടന്നതായി ദില്ലി മെട്രോ റെയിൽ കോർപറേഷൻ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. സർവീസുകൾ പൂർവസ്ഥിതിയിലായതായി പിന്നീട് ഡിഎംആർസി അറിയിക്കുകയും ചെയ്തു.
ആത്മഹത്യ ചെയ്ത സുനിൽ ഗുപ്ത കഴിഞ്ഞ കുറച്ച് നാളുകളായി ക്ഷയ രോഗത്തിന് ചികിത്സയിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു. ഇതിനോടകം ആറ് ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവഴിച്ചതായും കുടുംബം പറഞ്ഞു. സുനിൽ ഗുപ്തയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം