ആപ്പിൽ കണ്ട പൈസ പോരെന്ന് ഓൺലൈൻ ഓട്ടോ ഡ്രൈവർ, പാവമല്ലേ പൈസ കൊടുത്തേക്കെന്ന് പൊലീസും; അനുഭവം പങ്കുവെച്ച് യുവാവ്
അധികമായി ചോദിച്ച പണം കൊടുക്കാതെ വന്നപ്പോൾ ഡ്രൈവർ അസഭ്യം പറയാൻ തുടങ്ങി. യുവാവ് വിളിച്ചതനുസരിച്ച് പൊലീസ് എത്തിയെങ്കിലും ഡ്രൈവർ കന്നടയിൽ എന്തൊക്കെയോ പറഞ്ഞതോടെ പൊലീസും അയാൾക്ക് അനുകൂലമായി.
ബംഗളുരു: ബംഗളുരു നഗരത്തിൽ ഓൺലൈൻ ആപ് വഴി ഓട്ടോറിക്ഷ വിളിച്ച് ആപ്പിലായ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഒരു യാത്രക്കാരൻ. ആപ്പിൽ കാണിച്ചതിനേക്കാൾ വലിയ തുക ഡ്രൈവർ ആവശ്യപ്പെട്ടുവെന്നും അത് കൊടുക്കാൻ തയ്യാറാവാതെ വന്നപ്പോൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പവൻ കുമാർ എന്നയാളുടെ എക്സ് പോസ്റ്റ് വിശദീകരിക്കുന്നു. ഒടുവിൽ പൊലീസ് എത്തിയപ്പോൾ പൊലീസും കാര്യം മനസിലാക്കാതെ പ്രതികരിച്ചുവെന്നാണ് ആരോപണം.
ഒല ആപ് വഴി ബ്രൂക് ഫീൽഡിൽ നിന്ന് കോറമംഗലയിലേക്കാണ് ഓട്ടോ വിളിച്ചത്. ഇടയ്ക്ക് മഹാദേവപുരയിൽ ഒരു സ്റ്റോപ്പുണ്ടായിരുന്നു. 292 രൂപയാണ് ആപ്പിൽ കാണിച്ചത്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ 455 രൂപ ഡ്രൈവർ ആവശ്യപ്പെട്ടു. ആപ്പിൽ കാണിച്ചത് തെറ്റായ തുകയാണെന്നും പണം വേണമെന്നും ആവശ്യപ്പെട്ടെങ്കിലും യുവാവ് നൽകിയില്ല. ഇതോടെ ബഹളവും അസഭ്യം പറച്ചിലും ഭീഷണിപ്പെടുത്തലും ആയി. ഇതോടെ യുവാവ് പൊലീസിനെ വിളിച്ചു. സംഭവം റെക്കോർഡ് ചെയ്യാനും തുടങ്ങി.
എന്നാൽ പൊലീസ് എത്തിയപ്പോൾ ഡ്രൈവർ കന്നടയിൽ സംസാരിക്കാൻ തുടങ്ങി. മറ്റൊരു തരത്തിൽ സംഭവം വളച്ചൊടിച്ചാണ് പൊലീസിനെ അറിയിച്ചതെന്ന് യുവാവ് പറയുന്നു. അത് കേട്ടപ്പോൾ പണം കൊടുക്കാനായിരുന്നു പൊലീസിന്റെ നിർദേശവും. വിസമ്മതിച്ചപ്പോൾ ഡ്രൈവർ പാവമാണെന്നും 350 രൂപ കൊടുക്കണമെന്നുമായി പൊലീസ്. ഒപ്പം വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന ഉപദേശവും. പണം കിട്ടുന്നത് വരെ പൊലീസിന്റെ മുന്നിൽ വെച്ച് ഭീഷണി തുടർന്നു. വീഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ഒന്നിലും പൊലീസ് ഇടപെട്ടില്ല. ഒടുവിൽ ഇനി എന്തെങ്കിലും ഉണ്ടായാൽ വിളിക്കാൻ പറഞ്ഞ ശേഷം പൊലീസും പോയി.
യുവാവ് വിഷയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഒല അധികൃതർ വിഷയത്തിൽ ഇടപെടുകയും വിവരങ്ങൾ തേടുകയും ചെയ്തു. പിന്നാലെ ഡ്രൈവറെ സസ്പെൻഡ് ചെയ്തതതായും അധികമായി വാങ്ങിയ പണം കമ്പനി തിരികെ നൽകുകയും ചെയ്തു. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. അത് താൻ നിഷേധിച്ചതായി യുവാവ് പറയുന്നു. ബംഗളുരു സിറ്റി ട്രാഫിക് പൊലീസും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തന്നെ വിവരങ്ങൾ തേടിയിട്ടുണ്ട്. പലരും സമാന അനുഭവങ്ങൾ വിശദീകരിച്ചും യുവാവിന് പിന്തുണ അറിയിച്ചും പോസ്റ്റിന് ചുവടെ കമന്റ് ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം