Asianet News MalayalamAsianet News Malayalam

മനുഷ്യനെ ആക്രമിച്ച നരഭോജിപ്പുലി ചത്ത നിലയിൽ; കഴുത്തിൽ ആഴത്തിൽ മുറിവുകൾ

കർഷകനായ ദേവറാമിൻ്റെ വീടിന് സമീപമാണ് പുലിയുടെ ജഡം കണ്ടത്. 

man eating leopard who had attacked a farmer found dead with an injury in Udaipur
Author
First Published Oct 12, 2024, 1:36 PM IST | Last Updated Oct 12, 2024, 1:36 PM IST

ജയ്പൂർ: ഉദയ്പൂരിൽ നരഭോജിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് പുലിയെ ഉദയ്പൂരിന് സമീപമുള്ള കമോൽ ഗ്രാമത്തിൽ നിന്നും കണ്ടെത്തിയത്. പുലിയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ പാടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

കമോൽ ഗ്രാമത്തിലെ ഗോഗുണ്ടയിൽ നിന്ന് 20 കിലോ മീറ്റർ അകലെയുള്ള സൈറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കർഷകനായ ദേവറാമിൻ്റെ വീടിന് സമീപമാണ് പുലിയുടെ ജഡം കണ്ടതെന്ന് വനം വകുപ്പ് ഓഫീസർ സുനിൽകുമാർ പറഞ്ഞു. ദേവറാമിനെ പുലി ആക്രമിക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. പുലിയുടെ മുഖത്ത് വലിയ മുറിവുണ്ട്. ഇത് മൂർച്ചയുള്ള ആയുധം കൊണ്ടോ മഴുകൊണ്ടോ ആക്രമിച്ചതാണെന്നാണ് സൂചന.

 55 കാരനായ ദേവറാമിൻ്റെ വീട്ടിൽ കയറിയ പുലി ആദ്യം പശുക്കളെയും പിന്നീട് ദേവറാമിനേയും ആക്രമിച്ചു. കുടുംബത്തിൻ്റെയും നാട്ടുകാരുടെയും ബഹളം കേട്ട് പുലി ദേവറാമിനെ നിലത്ത് ഉപേക്ഷിച്ച് വനത്തിലേക്ക് ഓടി മറയുകയായിരുന്നു. ആയുധങ്ങളുമായി നാട്ടുകാർ പുലിയെ പിന്തുടർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുലിയ ചത്ത നിലയിൽ കണ്ടെത്തിയത്. 

പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദേവറാമിൻ്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ഞെട്ടലിൽ നിന്നും ഇതുവരെ അദ്ദേഹം മോചിതനായിട്ടില്ല. മേഖലയിൽ പരിഭ്രാന്തി പരത്തിയ പുലിയെ നാട്ടുകാർ കൊലപ്പെടുത്തിയതാകാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉദയ്പൂരിലെ ഗോഗുണ്ട മേഖലയിൽ എട്ടോളം പേരെ കൊലപ്പെടുത്തിയ നരഭോജി പുലി തന്നെയാണോ ഇതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. 

പ്രദേശത്ത് എട്ടോളം പേരെ കൊലപ്പെടുത്തിയ നരഭോജി പുലിയെ കണ്ടാൽ വെടിവെയ്ക്കാനുള്ള അനുവാദം നൽകി ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ഉദയ്പൂരിലെ ഗോഗുണ്ട, ഝദോൽ മേഖലകളിൽ നരഭോജിയായ പുലിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയായിരുന്നു. മുന്നൂറോളം പേരടങ്ങുന്ന സംഘം 20ലധികം ഗ്രാമങ്ങളിലെ വനങ്ങളിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പുലിയെ തിരയുന്നത്. വിവിധ കടുവ സങ്കേതങ്ങളിൽ നിന്നുള്ള വിദഗ്ധരും സംഘത്തിലുണ്ടെങ്കിലും നരഭോജിയായ പുലിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

READ MORE: സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം; 50 വർഷത്തിനിടെ ആദ്യത്തെ സംഭവം

Latest Videos
Follow Us:
Download App:
  • android
  • ios