വിലക്കയറ്റ ചര്‍ച്ചയ്ക്കിടെ മഹുവ മൊയ്‌ത്ര ബാഗ് ഒളിപ്പിച്ചോ?; വീഡിയോ ചര്‍ച്ചയാകുന്നു
കക്കോലി ഘോഷ് ദസ്തിദാർ വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഇരിക്കുന്ന ബെഞ്ചില്‍ വച്ചിരുന്ന തന്‍റെ ബാഗ് മേശയ്ക്കടിയിൽ മഹുവ മൊയ്‌ത്ര മാറ്റുന്നത് കാണാം.
ദില്ലി: തിങ്കളാഴ്ച ലോക്സഭയില്‍ നടന്ന വിലക്കയറ്റവും പണപ്പെരുപ്പവും സംബന്ധിച്ച ചർച്ച നടന്നത് ഇതിനിടിയിലെ ഒരു സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചർച്ച നടക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര തന്‍റെ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ലൂയിസ് വിട്ടൺ ബാഗ് മറച്ചുവച്ചുവെന്ന് ആരോപിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
വാർത്താ ഏജൻസിയായ ഐഎഎൻഎസ് പങ്കുവച്ച ഒരു വീഡിയോ പ്രകാരം, തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കക്കോലി ഘോഷ് ദസ്തിദാർ വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഇരിക്കുന്ന ബെഞ്ചില്‍ വച്ചിരുന്ന തന്‍റെ ബാഗ് മേശയ്ക്കടിയിൽ മഹുവ മൊയ്‌ത്ര മാറ്റുന്നത് കാണാം. വിലക്കയറ്റത്തെക്കുറിച്ചാണ് ഈ സമയം കക്കോലി ഘോഷ് സംസാരിക്കുന്നത്.
ട്വിറ്ററിൽ #MahuaMoitra ട്രെൻഡിംഗിനൊപ്പം വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. വീഡിയോ വൈറലായതോടെ, വിലക്കയറ്റത്തിന്റെ പേരിൽ സർക്കാരിനെ ശക്തമായി കടന്നാക്രമിക്കുന്ന തൃണമൂൽ എംപിക്ക് ഇത്രയും വിലകൂടിയ ഹാൻഡ്‌ബാഗ് എങ്ങനെ ഉപയോഗിക്കുന്നു എന്നാണ് ബിജെപി അനുകൂല വിഭാഗം ട്വിറ്ററിലും മറ്റും ചോദ്യം ഉയര്‍ത്തുന്നത്.
പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങള്‍ക്കുള്ള അധിക നികുതി പിൻവലിക്കില്ലെന്ന് ധനമന്ത്രി
പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങള്‍ക്ക് അധിക നികുതിയെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം. കേരളമടക്കം ഒരു സംസ്ഥാനത്തെയും ധനമന്ത്രിമാര്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനത്തെ എതിര്‍ത്തില്ലെന്ന് ലോക് സഭയില്‍ വിലക്കയറ്റ ചര്‍ച്ചക്ക് ധനമന്ത്രി നിര്‍മ്മല സീതരാമാന്‍ മറുപടി നല്‍കി. ആശുപത്രി ഐസിയു , മോര്‍ച്ചറി, ശ്മശാനം എന്നിവക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയെന്ന വാദം മന്ത്രി തള്ളി. ഒരു മാസത്തെ ജി.എസ്.ടി കുടിശികയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാനുള്ളതെന്നും ജൂണ്‍ മാസത്തിലെ കുടിശ്ശിക സംസ്ഥാനങ്ങൾ എ.ജിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഉടൻ അനുവദിക്കുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം വിലക്കയറ്റത്തെക്കുറിച്ച് ലോക്സഭയിൽ നടന്ന മണിക്കൂറുകൾ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിൽ പ്രതിപക്ഷം ലോക്സഭയിൽ നിന്നും ഇറങ്ങി പോയി. സാമാന്യ ബോധത്തെ പരിഹസിക്കരുതാണ് ധനമന്ത്രിയുടെ പ്രസ്താവന എന്ന് വിമര്‍ശിച്ചാണ് കോണ്‍ഗ്രസും ഡിഎംകെയും തൃണമൂലും അടക്കമുള്ള കക്ഷികൾ സഭയിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തിയത്. എന്നാൽ പ്രതിപക്ഷ കക്ഷികൾ വാക്കൗട്ട് നടത്തിയ ശേഷവും ധനമന്ത്രി നിര്‍മലാ സീതാരാമൻ മറുപടി തുടര്‍ന്നു. പ്രതിപക്ഷം കള്ളക്കണക്കുകൾ പറഞ്ഞ് മുതലക്കണ്ണീര്‍ പൊഴിക്കുകയാണെന്നും താൻ പറയുന്നത് കേൾക്കാൻ ത്രാണിയില്ലാതെയാണ് ഇപ്പോൾ സഭ വിട്ടു പോയതെന്നും നിര്‍മല പരിഹസിച്ചു.
ചര്‍ച്ചക്കിടെ പ്രതിപക്ഷവുമായി നിരന്തരം ധനമന്ത്രി ഏറ്റുമുട്ടി.യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 9 തവണ നാണയപ്പെരുപ്പം രണ്ടക്കത്തിലെത്തിയിരുന്നു എന്ന യാഥാര്‍ത്യം മനസിലാക്കി മതി കുതിരകയറാനുള്ള ശ്രമമെമെന്ന് മന്ത്രി ആഞ്ഞടിച്ചു.ബഹളം വച്ച കോണ്‍ഗ്രസ് മറുപടി തൃപ്തികരമല്ലെന്ന് പ്രതികരിച്ച് ആദ്യം സഭ വിട്ടു.പെന്‍സിലിനും, പെന്‍സില്‍ കട്ടറിന് നികുതി ഏര്‍പ്പെടുത്തി പ്രധാനമന്ത്രി കുട്ടികളെ പോലും വെറുതെ വിട്ടില്ലെന്ന കനിമൊഴി എംപിയുടെ ആരോപണത്തിന് തമിഴില്‍ ധനമന്ത്രി പരിഹാസമുയര്‍ത്തിയതോടെ ഡിഎംകെ അടക്കമുള്ള മറ്റ് കക്ഷികളും ഇറങ്ങിപോയി.