'നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ ആയുധമേന്തിവരുന്ന അക്രമകാരികളെ സഹിക്കേണ്ടതില്ല'; ജെഎന്‍യു ആക്രമണത്തിനെതിരെ ആനന്ദ് മഹീന്ദ്ര
ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ അതിക്രമിച്ചുകടന്നവരെ ഉടൻ കണ്ടെത്തണം, അവർക്കു ഒരുത്തരും അഭയം കൊടുക്കരുത്- ആനന്ദ് മഹിന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
ദില്ലി: ജെഎന്‍യു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം നടത്തിയ അക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് മഹിന്ദ്ര ആൻഡ് മഹിന്ദ്ര ചെയർമാൻ ആനന്ദ് മഹിന്ദ്ര. നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ ആയുധമേന്തിവരുന്ന അക്രമകാരികളെ സഹിക്കേണ്ടതില്ലെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ പ്രതികരിച്ചു.
'നിങ്ങളുടെ രാഷ്ട്രീയമെന്തോ ആകട്ടെ, നിങ്ങളുടെ ഐഡിയോളജി എന്തോ ആകട്ടെ, നിങ്ങളുടെ മതം എന്തോ ആകട്ടെ നിങ്ങൾ ഒരിന്ത്യക്കാരനാണെങ്കിൽ, ആയുധമേന്തിവരുന്ന അക്രമകാരികളെ നിങ്ങൾ സഹിക്കേണ്ടതില്ല. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ അതിക്രമിച്ചുകടന്നവരെ ഉടൻ കണ്ടെത്തണം, അവർക്കു ഒരുത്തരും അഭയം കൊടുക്കരുത്- ആനന്ദ് മഹിന്ദ്ര ട്വിറ്ററില്‍ കുറിച്ചു. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് നിരവധി പ്രമുഖര്‍ രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം ജെഎന്‍യുവില്‍ നടന്നത് ആസൂത്രിത ആക്രമമാണെന്നതിന്‍റെ തെളിവുകള്‍ പുറത്ത് വന്നു. അക്രമങ്ങൾ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‍സാപ്പ് സന്ദേശങ്ങൾ ആണ് പുറത്തായിരിക്കുന്നത്. അക്രമികള്‍ക്ക് ജെഎൻയുവിലേക്ക് എത്താനുള്ള വഴികൾ വാട്സാപ് ഗ്രൂപ്പില്‍ നല്കുന്നതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും ജെഎൻയു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചുള്ള സന്ദേശങ്ങളും പുറത്ത് വന്ന വാട്സാപ് സ്ക്രീന്‍ഷഓട്ടുകളിലുണ്ട്. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍. അക്രമത്തിന് പിന്നിൽ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവർത്തകരാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഈ ആരോപണം ശരിവയ്ക്കുന്ന തെളിവുകളും പുറത്തായിട്ടുണ്ട്.