കോടികൾ ചിലവിട്ട് നിർമ്മിച്ച പുതിയ പാർലമെൻറിൽ ചോർച്ച; രൂപകല്പന ചെയ്ത ആളിൽ നിന്നും വിശദീകരണം തേടി സ്പീക്കർ
2600 കോടി ചെലവിൽ നിർമ്മിച്ച മന്ദിരം 150 കൊല്ലമെങ്കിലും നിലനിൽക്കുമെന്നായിരുന്നു അവകാശവാദം. ചോർച്ചയ്ക്കിടയാക്കിയ സാങ്കേതിക പ്രശ്നം പരിഹരിച്ചെന്നാണ് ലോക്സഭ സെക്രട്ടറിയേറ്റ് നല്കിയ വിശദീകരണം.
ദില്ലി : പുതിയ പാർലമെൻറ് മന്ദിരത്തിലെ ചോർച്ചയിൽ മന്ദിരം രൂപകല്പന ചെയ്ത ബിമൽ പട്ടേലിനോട് ലോക്സഭാ സ്പീക്കർ വിശദീകരണം തേടി. ഗുജറാത്തിൽ നരേന്ദ്ര മോദി സർക്കാരിൻറെ പദ്ധതികൾ പട്ടേൽ നടപ്പാക്കിയിട്ടുണ്ട്.
വിഷയം സഭയിൽ ഉന്നയിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം. മഴയത്ത് പാർലമെൻറ് ലോബിയിലെ ചോർച്ച വലിയ ചർച്ചയായിരുന്നു. 2600 കോടി ചെലവിൽ നിർമ്മിച്ച മന്ദിരം 150 കൊല്ലമെങ്കിലും നിലനിൽക്കുമെന്നായിരുന്നു അവകാശവാദം. ചോർച്ചയ്ക്കിടയാക്കിയ സാങ്കേതിക പ്രശ്നം പരിഹരിച്ചെന്നാണ് ലോക്സഭ സെക്രട്ടറിയേറ്റ് നല്കിയ വിശദീകരണം.
കോഴിക്കോട്ടെ മലയോര മേഖലയിൽ മഴ ശക്തം, ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു, 2 ക്യാമ്പുകൾ സജീകരിച്ചു
കനത്ത മഴയിൽ ദില്ലിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിലാണ് ചോർച്ചയുണ്ടായത്. എംപിമാരുടെ ലോബിയുടെ അകത്ത് മഴവെള്ളം വീഴുന്നതിന്റെയും, ഉദ്യോഗസ്ഥർ ബക്കറ്റില്‍ ചോരുന്ന വെള്ളം ശേഖരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രതിപക്ഷ എംപിമാർ പങ്കുവച്ചതോടെ വലിയ നാണക്കേടായി. കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിച്ച പാർലമന്റ് മന്ദിരം ഇത്തരത്തിൽ ചോരുകയാണെങ്കിൽ മഴക്കാലത്ത് സഭാസമ്മേളനം പഴയ മന്ദിരത്തിലേക്ക് മാറ്റണമെന്ന് അഖിലേഷ് യാദവ് വിമർശിച്ചു.
പുതിയ മന്ദിരം ഇത്ര പെട്ടെന്ന് ചോർന്നതിൽ അന്വേഷണം വേണമെന്നും, ഇതിനായി എല്ലാ പാർട്ടികളുടെയും എംപിമാരടങ്ങുന്ന സമിതിക്ക് രൂപം നൽകണമെന്നും കോൺഗ്രസ് എംപി മാണിക്കം ടാഗോർ ആവശ്യപ്പെട്ടു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസും നൽകി.