Asianet News MalayalamAsianet News Malayalam

ഞെട്ടിക്കുന്ന വിയോഗമെന്ന് സ്റ്റാലിൻ, ധീരനായ കമ്യൂണിസ്റ്റെന്ന് സിദ്ധരാമയ്യ; യെച്ചൂരിയെ അനുസ്മരിച്ച് നേതാക്കൾ

യച്ചൂരി സുഹൃത്താണെന്നും രാജ്യത്തെ ആഴത്തിൽ അറിഞ്ഞയാളാണെന്നും മന്ത്രി പി രാജീവ് അനുസ്മരിച്ചു. അത്യന്തം ദുഃഖകരമായ വിട വാങ്ങലാണിത്. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർക്ക് പോലും സമീപിക്കാവുന്ന വ്യക്തിത്വമാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തനം തുടങ്ങി. എളുപ്പം നികത്താവുന്ന വിടവല്ലെന്നും പി രാജീവ് പറഞ്ഞു.

Leaders remember CPM General Secretary Sitaram Yechury
Author
First Published Sep 12, 2024, 5:54 PM IST | Last Updated Sep 12, 2024, 5:54 PM IST

ദില്ലി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് നേതാക്കൾ. വിവിധ രാഷ്ട്രീയ പാർട്ടികളിലെ സംസ്ഥാന -ദേശീയ നേതാക്കളും യെച്ചൂരിയെ അനുസ്മരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഇപി ജയരാജൻ, ടിപി രാമകൃഷ്ണൻ, വിഡി സതീശൻ, രമേഷ് ചെന്നിത്തല, കെ സുരേന്ദ്രൻ, ഡി രാജ തുടങ്ങി നിരവധി നേതാക്കളാണ് യെച്ചൂരിയ്ക്ക് ആദരാഞ്ജലികളർപ്പിച്ചത്. രണ്ടാഴ്ച്ചയായി ദില്ലി എയിംസിൽ ചികിത്സയിലായിരുന്ന യെച്ചൂരി ഇന്ന് ഉച്ചതിരിഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്. 

യച്ചൂരി സുഹൃത്താണെന്നും രാജ്യത്തെ ആഴത്തിൽ അറിഞ്ഞയാളാണെന്നും മന്ത്രി പി രാജീവ് അനുസ്മരിച്ചു. അത്യന്തം ദുഃഖകരമായ വിട വാങ്ങലാണിത്. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർക്ക് പോലും സമീപിക്കാവുന്ന വ്യക്തിത്വമാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തനം തുടങ്ങി. എളുപ്പം നികത്താവുന്ന വിടവല്ലെന്നും പി രാജീവ് പറഞ്ഞു. പാർലമെൻ്റിൽ നിരവധി വർഷം ഒപ്പമുണ്ടായിരുന്ന സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ ദുഃഖിക്കുന്നുവെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ അനുസ്മരിച്ചു. കുടുംബാഗംങ്ങളുടെയും അനുയായികളുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു.

യെച്ചൂരി ദീർഘ കാല സുഹൃത്താണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ​ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു. യൂണിവേഴ്സിറ്റി കാലം തൊട്ട് യെച്ചൂരിയെ അറിയാം. 70- 80 കാലഘട്ടത്തിൽ ഉയർന്നുവന്ന യുവജന നേതാവാണ് യെച്ചൂരിയെന്നും ​ഗവർണർ പറഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഊഷ്മളമായ ബന്ധം കാത്ത് സൂക്ഷിച്ച നേതാവാണ് യെച്ചൂരിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുസ്മരിച്ചു. ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിലും യെച്ചൂരിയുടെ കയ്യൊപ്പുണ്ട്. എനിക്ക് വ്യക്തിപരമായി അടുത്ത് പരിചയമുള്ള നേതാവ് കൂടിയാണ് യെച്ചൂരി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും സതീശൻ പറഞ്ഞു.

യെച്ചൂരിയുടെ മരണവാർത്ത ഹൃദയഭേദകമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. താങ്ങാനാവാത്തതാണ്. പുഴയൊഴുകുന്ന പോൽ പ്രസംഗിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പരിഭാഷകനായിട്ടുണ്ട്. അസാധാരണ വ്യക്തിത്വം. വർണ്ണ ശബളമായ വ്യക്തിത്വം. രാഷ്ട്രീയത്തിനപ്പുറം സമൂഹത്തിൽ ഒരുപാട് പേരോട് ബന്ധമുണ്ടായിരുന്നു. മരണം വലിയൊരു ശൂന്യത ആണെന്നും എംബി രാജേഷ് അനുസ്മരിച്ചു. യെച്ചൂരിയുടെ വിയോഗം കുടുംബത്തിനുള്ള നഷ്ടമെന്നായിരുന്നു വിഎസിന്റെ മകൻ വി.എ അരുൺ കുമാറിന്റെ അനുസ്മരണം. നഷ്ടമായത് അച്ഛനോട് ഏറ്റവും സ്നേഹവും ബഹുമാനവും കാണിച്ച നേതാവിനെയാണ്. അച്ഛന്റെ ജനകീയ രാഷ്ട്രീയ ശൈലി തന്നെയായിരുന്നു യെച്ചൂരിയുടെതുമെന്നും അരുൺ കുമാർ പറഞ്ഞു. 

സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുസ്മരിച്ചു. അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു യെച്ചൂരിയെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. എന്നാൽ അതിൻ്റെ കാർക്കശ്യങ്ങളിൽ പെട്ടു പോകാത്ത വിശാലമായ ജനാധിപത്യ മതേതര ബോധത്തിൻ്റെ വക്താവായി തുടർന്ന് ദേശീയ രാഷ്ട്രീയത്തിൻ്റെ ചുക്കാൻ പിടിച്ച ഒരാളായി. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളുണ്ടാക്കി. രാഷ്ട്രീയവും വ്യക്തിബന്ധവും വെവ്വേറെ കണ്ടു. മികവുറ്റ പാർലമെൻ്റേറിയൻ എന്ന നിലയ്ക്ക്  യെച്ചൂരി ഒരു പ്രഭാ ഗോപുരമായിരുന്നു. എന്തിനെയും ജനകീയ പുരോഗമന പക്ഷത്തു നിന്നു വീക്ഷിക്കാനുള്ള വിശാല ജനാധിപത്യ ബോധത്തിൻ്റെ അടിത്തറയായിരുന്നു യെച്ചൂരിയുടെ കരുത്തെന്നും ചെന്നിത്തല പറഞ്ഞു. 

യെച്ചൂരിയുടെ വിയോ​ഗം വലിയ നഷ്ടമെന്ന് ജി സുധാകരൻ അനുസ്മരിച്ചു. യെച്ചൂരിയെ പോലെ യച്ചൂരി മാത്രമാണുള്ളത്. എസ്എഫ്ഐ കാലം തൊട്ടുള്ള ബന്ധമാണെന്നും ജി സുധാകരൻ പറഞ്ഞു. സമകാലിക ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ കമ്മ്യൂണിസ്റ്റ് നേതാവാണെന്നും 
യെച്ചൂരിയുടെത് വലിയ നഷ്ടമാണെന്നും സിപിഐ നേതാവ് ഡി രാജ അനുസ്മരിച്ചു. അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഡി രാജ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭരണഘടനയുടെയും കാവൽ ഭടനെയാണ് നഷ്ടമായതെന്ന് എകെ ബാലൻ അനുസ്മരിച്ചു. യെച്ചൂരിയുടേത് ഞെട്ടിക്കുന്ന വിയോഗമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുസ്മരിച്ചു. നീതിയോട് പ്രതിബദ്ധത പുലർത്തിയ ധീരനായ നേതാവ്. വരാനുള്ള തലമുറകൾക്കും പ്രചോദനമാണെന്നും സ്റ്റാലിൻ പറഞ്ഞു.

നിലപാടും കൃത്യതയുമുള്ള ആളായിരുന്നു സീതാറാം യെച്ചൂരിയെന്ന് കെവി തോമസ് അനുസ്മരിച്ചു. അദ്ദേഹവുമായി വർഷങ്ങൾ പഴക്കമുള്ള ബന്ധമുണ്ട്. യെച്ചൂരി എന്നും വർഗീയ ശക്തികൾക്കെതിരെ നിലകൊണ്ട ധീരനായ കമ്യൂണിസ്റ്റ് ആണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അനുസ്മരിച്ചു. വർഗീയതയ്ക്കും കോർപ്പറേറ്റ് വാദത്തിനും എതിരെ ജനാധിപത്യത്തിന്റെ പക്ഷത്ത് നിലകൊണ്ടു. ഇന്ത്യൻ ജനാധിപത്യത്തിന് വലിയ നഷ്ടമാണ്. യെച്ചൂരിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.  

'രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകിയ നേതാവ്' യെച്ചൂരിയുടെ നിര്യണത്തിൽ അനുശോചിച്ച് വി.ഡി സതീശൻ

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios