'15-20 ശതമാനം വരെ ചാർജ് വർധന വേണം, അല്ലെങ്കിൽ നിലനിൽക്കാനാവില്ലെന്ന് കെഎസ്ആർടിസി'; പ്രതികരിച്ച് കർണാടക മന്ത്രി
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ അഞ്ച് ഗ്യാരണ്ടികളില്‍ ഒന്നാണ് ശക്തി പദ്ധതി. കർണാടകയിലെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്
ബംഗളൂരു: ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാൻ കര്‍ണാടക ആര്‍ടിസി തയാറെടുക്കുന്നതിടെ പ്രതികരണവുമായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. ശക്തി പദ്ധതി നഷ്ടത്തിലേക്ക് നയിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പകരം പ്രതിവർഷം 20 ലക്ഷം യാത്രക്കാരെ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (കെഎസ്ആർടിസി) എത്തിക്കുകയാണ് ചെയ്തത്. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും തന്‍റെ മുന്നില്‍ എത്തിയിട്ടില്ലെന്നും ഒന്നും അംഗീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ അഞ്ച് ഗ്യാരണ്ടികളില്‍ ഒന്നാണ് ശക്തി പദ്ധതി. കർണാടകയിലെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അതേസമയം, ബസ് ചാർജ് വർധന അനിവാര്യമാണെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ചെയർമാൻ എസ് ആർ ശ്രീനിവാസ് പറഞ്ഞു. ബസ് ചാർജ് 15-20 ശതമാനം വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിനെ സമീപിക്കും. നിരക്ക് വർധനയില്ലാതെ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് നിലനിൽക്കാനാവില്ലെന്നും ബസ് ചാർജ് പരിഷ്‌കരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019-20 വർഷത്തിലാണ് കഴിഞ്ഞ തവണ നിരക്ക് പരിഷ്‌കരണം നടത്തിയത്. അന്ന് ഡീസൽ വില ലിറ്ററിന് 60 രൂപയായിരുന്നത് ഇപ്പോൾ 93 രൂപ കടന്നിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പളവും അറ്റകുറ്റപ്പണികളുടെ നിരക്കും വർധിച്ചതിനാൽ പ്രവർത്തന ചെലവിൽ ഗണ്യമായ വർധനയുണ്ടായി. കെഎസ്ആർടിസി അവശ്യ സർവീസുകൾ നടത്തുന്നുണ്ടെന്നും പിടിച്ചുനിൽക്കാൻ നിരക്ക് പരിഷ്‌കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം കോർപ്പറേഷന് 295 കോടി രൂപയുടെ നഷ്ടമുണ്ടായതായി ശ്രീനിവാസ് വെളിപ്പെടുത്തി. ശക്തി പദ്ധതി വലിയ നഷ്ടമുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ.
കോർപ്പറേഷന് 8,000 ബസുകളാണുള്ളത്. മിക്ക ബസുകളും ഒമ്പത് ലക്ഷം മുതൽ 12 ലക്ഷം കിലോമീറ്റർ വരെ ഓടിയിട്ടുണ്ട്. 450 ഓളം എസി ബസുകൾ 20 ലക്ഷം കിലോമീറ്ററുകൾക്കപ്പുറം ഓടി. ഈ വസ്തുതകൾ കണക്കിലെടുത്ത്, പുതിയ ബസുകൾ വാങ്ങണമെന്ന ആവശ്യകതയും മുന്നിലുണ്ട്. അത് നിരക്ക് പരിഷ്കരണമില്ലാതെ മറ്റ് മാര്‍ഗമില്ല. ഒരു സ്വയംഭരണ സ്ഥാപനമായതിനാൽ, എല്ലാ സമയത്തും സർക്കാരിനെ ആശ്രയിക്കാൻ കഴിയില്ലെന്നും ശ്രീനിവാസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം