'സവർക്കർ നോൺ വെജിറ്റേറിയൻ, ബീഫ് കഴിക്കുമായിരുന്നു'; വിവാദ പരാമർശവുമായി കോൺ​ഗ്രസ് മന്ത്രി, തിരിച്ചടിച്ച് ബിജെപി

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു കർണാടക മന്ത്രിയുടെ വിവാദ പരാമർശം. 

Karnataka Health Minister Dinesh Gundu Rao claims Savarkar was a meat-eater BJP hits back at Congress

ബെം​ഗളൂരു: വിനായക് ദാമോദർ സവർക്കറുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു നടത്തിയ പരാമർശം വിവാദത്തിൽ. സവ‍ർക്കർ ഒരു മാംസഭുക്കായിരുന്നുവെന്നും ബീഫ് കഴിക്കുമായിരുന്നുവെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്. സവ‍ർക്കർ‌ ഗോവധത്തിനെതിരായിരുന്നില്ലെന്നും ​ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ അദ്ദേഹം അവകാശപ്പെട്ടിരുന്നു. 

സവർക്കർ മാംസാഹാരം കഴിക്കുന്ന വ്യക്തി മാത്രമല്ല, ബീഫ് കഴിക്കുകയും അത് പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ദിനേഷ് ഗുണ്ടു റാവു പറഞ്ഞിരുന്നു. സവർക്കർ ബ്രാഹ്മണനായിരുന്നിട്ടും പരമ്പരാഗത ഭക്ഷണ നിയന്ത്രണങ്ങൾ പാലിച്ചിരുന്നില്ല. സവ‍ർക്കർ തികച്ചും ഒരു  ആധുനികവാദിയാണെന്നുമായിരുന്നു ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്. സവർക്കറുടെയും മഹാത്മാ ഗാന്ധിയുടെയും വീക്ഷണങ്ങളെ അദ്ദേഹം താരതമ്യം ചെയ്യുകയും ചെയ്തു. സവർക്കറുടെ പ്രത്യയശാസ്ത്രം മതമൗലികവാദത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്നും എന്നാൽ മഹാത്മാ ഗാന്ധി ജനാധിപത്യത്തിൽ ആഴത്തിൽ വിശ്വസിക്കുകയാണ് ചെയ്തതെന്നുമായിരുന്നു റാവുവിന്റെ പരാമർശം. 

ബെം​ഗളൂരുവിലെ പ്രസം​ഗത്തിൽ മുഹമ്മദ് അലി ജിന്നയെക്കുറിച്ചും ദിനേശ് ഗുണ്ടു റാവു അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ജിന്ന ഒരിക്കലും കടുത്ത ഇസ്‌ലാമിസ്റ്റായിരുന്നില്ല. അദ്ദേഹം പന്നിയിറച്ചി പോലും കഴിച്ചിരുന്നതായി ചിലർ അവകാശപ്പെടുന്നുണ്ടെന്നായിരുന്നു ദിനേശ് ഗുണ്ടു റാവു പറഞ്ഞത്. ജിന്ന മതമൗലികവാദി ആയിരുന്നില്ലെന്നും സവ‍ർക്കർ അങ്ങനെ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അതേസമയം, ദിനേശ് ​ഗുണ്ടു റാവുവിന്റെ വാക്കുകൾ വിവാ​ദമായതോടെ കോൺ​ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രം​ഗത്തെത്തി. എന്തുകൊണ്ടാണ് കോൺഗ്രസ് എപ്പോഴും ഹിന്ദുക്കളെ ലക്ഷ്യമിടുന്നതെന്ന് ബിജെപി നേതാവ് ആർ അശോക് ചോദിച്ചു. ടിപ്പു സുൽത്താനാണ് കോൺഗ്രസിൻ്റെ ദൈവമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചു. രാഹുൽ ഗാന്ധി സവർക്കറെ അപകീർത്തിപ്പെടുത്തിയിരുന്നുവെന്നും ഇപ്പോൾ മറ്റുള്ളവർ അദ്ദേഹത്തിൻ്റെ നിലപാട് തന്നെ ആവർത്തിക്കുകയാണെന്നും ഫഡ്നാവിസ് പറഞ്ഞു. വിമർശിക്കുന്നവർക്ക് സവർക്കറെ കുറിച്ച് ഒന്നുമറിയില്ല. കർഷകനെ അവന്റെ ജനനം മുതൽ മരണം വരെ സഹായിക്കുന്ന പശുക്കളെ ദൈവത്തിന് തുല്യമായാണ് കാണുന്നതെന്നും ഫഡ്നാവിസ് വ്യക്തമാക്കി. 

READ MORE: ഗാസ ഗവൺമെന്റ് തലവൻ റൗഹി മുഷ്താഹ ഉൾപ്പെടെ മൂന്ന് ഉന്നത ഹമാസ് നേതാക്കളെ വധിച്ചു; സ്ഥിരീകരിച്ച് ഇസ്രായേൽ

Latest Videos
Follow Us:
Download App:
  • android
  • ios