ദമ്പതികളുടെ സ്വകാര്യ വീഡിയോ അപ്‍ലോഡ് ചെയ്തത് സുഹൃത്ത് തന്നെ, ഡിലീറ്റ് ചെയ്യാനെന്ന പേരിലും പണം വാങ്ങി പറ്റിച്ചു

സ്ത്രീയുടെ ഭർത്താവ് മദ്യപാനിയും വീട്ടിൽ സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്ന ആളുമായിരുന്നു. യുവതിയെ അപമാനിക്കാനാണ് ഇയാൾ സ്വകാര്യ ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നത്.

It was a common friend who uploaded intimate moments of couple and later demanded money for deleting

മുംബൈ: ദമ്പതികളുടെ സ്വകാര്യ വീഡിയോ ക്ലിപ്പുകൾ ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്ത ശേഷം അത് നീക്കം ചെയ്യാനെന്ന പേരിൽ 50,000 രൂപ വാങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് സംഭവം. ദമ്പതികളുടെ സുഹൃത്തായ ജോഷ്വ ഫ്രാൻസിസ് എന്നയാളാണ് പിടിയിലായത്. പരാതിക്കാരിയായ സ്ത്രീയുടെ ഭർത്താവിൽ നിന്നു തന്നെയാണ് സ്വകാര്യ വീഡിയോകൾ ഇയാൾക്ക് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

മുംബൈയിലെ സാംത നഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. സ്ത്രീയുടെ ഭർത്താവ് മദ്യപാനിയും വീട്ടിൽ സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്ന ആളുമായിരുന്നു. യുവതിയെ അപമാനിക്കാനാണ് ഇയാൾ സ്വകാര്യ ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നത്. ഇത് പിന്നീട്  ജോഷ്വ ഫ്രാൻസിസിന് കൈമാറുകയായിരുന്നു. അടുത്തിടെ ഒരു ദിവസം ജോഷ്വ ഫ്രാൻസിസ് യുവതിയെ വിളിക്കുകയും അവരുടെയും ഭർത്താവിന്റെയും സ്വകാര്യ വീഡിയോകളും ചിത്രങ്ങളും ഒരു പോൺ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഈ വെബ്‍സൈറ്റിന്റെ ലിങ്കും ഇയാൾ അയച്ചുകൊടുത്തു.

പരിഭ്രാന്തിയിലായ യുവതിയോട് തന്റെ ഒരു സുഹൃത്ത് സൈബർ വിദഗ്ധനാണെന്നും അയാൾ ഈ വീഡിയോ ഡിലീറ്റ് ചെയ്യുമെന്നും പറഞ്ഞു. വികാസ് എന്നാണ് ഈ സുഹൃത്തിന്റെ പേര് പറഞ്ഞത്. പിന്നീട് വികാസ് ആയി വാട്സ്ആപിൽ യുവതിയെ വിളിച്ചതും ജോഷ്വ ഫ്രാൻസിസ് തന്നെയായിരുന്നു. 50,000 രൂപയാണ് വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. യുവതി പണം നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു.

പണം നൽകിയത് പ്രകാരം വെബ്‍സൈറ്റിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും പിന്നീട് ദിവസങ്ങൾക്കകം ഇത് ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. ജോഷ്വ ഫ്രാൻസിസിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ഭർത്താവിൽ നിന്ന് കിട്ടിയ വീഡിയോകൾ ആദ്യം വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തെന്നും പിന്നീട് ഡിലീറ്റ് ചെയ്യാനെന്ന പേരിൽ പണം വാങ്ങിയെന്നും ഇയാൾ പറഞ്ഞു. വെബ്സൈറ്റിൽ നിന്ന് ഡിലീറ്റ് ചെയ്തെങ്കിലും ഇയാൾ തന്നെ ഇത് സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios